ആലപ്പുഴ: വറുതിയുടെ ദിനങ്ങൾക്ക് വിട. ചാകര പ്രതീക്ഷിച്ച് മത്സ്യബന്ധനബോട്ടുകൾ ഉൾകടലിലേക്ക് യാത്രതിരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ഒന്നര മാസമായിരുന്നു ട്രോളിംഗ് നിരോധനം. അറ്റകുറ്റപ്പണിറ്റളും പെയിന്റിംഗ് ജോലികളും തീർത്താണ് മൽസ്യബന്ധനത്തിന് വീണ്ടും ബോട്ടുകൾ കടലിൽ ഇറങ്ങിയത്. തൃക്കുന്നപ്പുഴ ചീപ്പിനു സമീപമാണ് ഭൂരിഭാഗം ബോട്ടുകളും കെട്ടിയിരുന്നത്. കാലാവസ്ഥ അനുകൂലമായതും മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ കടൽ ശാന്തമാണ്. ഇതാണ് മീനുകൾ ലഭിക്കാൻ അനുകൂലസാഹചര്യം ഒരുക്കുന്നത്.
അതേസമയം, ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യ കൊയ്ത്തു ലഭിക്കാതിരുന്നത് വള്ളത്തിലെ തൊഴിലാളികൾക്കു തിരിച്ചടിയായി. ഈ കാലയളവിൽ ഭൂരിഭാഗം ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. ശക്തമായ തിരമാലകളെ വകവയ്ക്കാതെ ഡിസ്‌ക്കോ ഇനത്തിൽ പെട്ട വള്ളങ്ങൾ കടലിലിറക്കിയെങ്കിലും കാര്യമായ കോള് ലഭിച്ചില്ല. കൊഴുവ അടക്കമുള്ള ചെറിയ മൽസ്യങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതിനു പ്രതീക്ഷിച്ച വിലയും കിട്ടിയില്ല.ലെയ്‌ലാന്റ്, ബീഞ്ച് ഇനത്തിലുള്ള വലിയ വള്ളങ്ങൾ ഇറക്കാനായില്ല. തൊഴിൽ മുട്ടിയതോടെ വള്ളമുടമകളും മത്സ്യതൊഴിലാളികളും വൻകടക്കെണിയിലായിരുന്നു. ചാകരയിലെ പ്രധാന ഇനമായ നാരൻ ചെമ്മീൻ, കണവ, വലിയ അയല, മാന്തൽ തുടങ്ങിയ മീനുകളും ഇക്കുറി ലഭിച്ചില്ല.
ഇനി സജീവം
ബോട്ടുകൾ കടലിലിറക്കുന്നതോടെ മത്സ്യ വിപണി കൂടുതൽ സജീവമാകും. മുന്തിയിനം മത്സ്യങ്ങൾ കൂടുതലായെത്തും. ഇതോടെ ചെമ്മീൻപീലിംഗ് ഷെഡുകളും ഉണരും. അതേസമയം തങ്ങൾ പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ഈ കാലയളവിൽ വിലയിടിയുമെന്നുന്നത് വള്ളത്തിലെ തൊഴിലാളികളെ അലട്ടുന്നുണ്ട്. പുന്നപ്ര ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിനു സമീപം ചാകര സാധ്യത തെളിഞ്ഞു. ഇതോടെ നീർക്കുന്നം കുപ്പി മുക്കിൽ നിന്ന് വള്ളങ്ങൾ ഇവിടെ എത്തിത്തുടങ്ങും.