boat-jetty

ചങ്ങനാശേരി: പടിഞ്ഞാറൻ നിവാസികളുടെ യാത്രാ മാർഗ്ഗമായിരുന്ന ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ ജലമാർഗ്ഗമുള്ള ഗതാഗതം നിലച്ചിട്ട് രണ്ടു മാസം പിന്നിടുന്നു. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്നതാണ് ബോട്ട് സർവീസിന് തിരിച്ചടിയായത്. കുട്ടനാട്ടിലേക്കു വിവിധ സ്ഥലങ്ങളിൽ റോഡുകൾ വന്നതോടെ ചുരുക്കം മേഖലകളിലെ ജനങ്ങൾ മാത്രമാണ് ഇന്നും ബോട്ടിനെ ആശ്രയിക്കുന്നത്. എന്നാൽ മഴക്കാലമാകുന്നതോടെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതാവുകയും ചിലയിടങ്ങളിൽ വാഹനം കടന്നു വരാനാവാതെ വെള്ളക്കെട്ട് ഉയരുകയും ചെയ്യുന്നതോടെ മഴക്കാലത്ത് കരയിലേക്കു എത്തുവാൻ ബോട്ടിനെയാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ നഗരത്തിലേക്കു പ്രവേശിക്കുവാൻ കുട്ടനാട്ടിലെ യാത്രക്കാർക്ക് ഏക ആശ്രയമായ ചങ്ങനാശേരി ജെട്ടിയിൽ ബോട്ട് അടുക്കാത്തതിനാൽ ദുരിതത്തിലാണ് യാത്രക്കാർ. നാളുകൾക്ക് മുൻപ്പോള നീക്കം ചെയതുവെങ്കിലും അധികം വൈകാതെ ജലാശയവും ബോട്ട് കടന്നു വരുന്ന മാർഗവും പോളകയറി നിറയുകയായിരുന്നു. കിടങ്ങറയിലെ ബോട്ട് കടന്നു വരുകയും പോവുകയും ചെയ്യേണ്ട ജലമാർഗ്ഗത്തിന് കുറുകെ നിർമ്മിച്ച കെ.സി.പാലം വളരെ താഴ്ന്നു നിർമ്മിച്ചതോടെയാണ് ജെട്ടിക്കും സർവീസിനും കുരുക്കായത്. ഇടക്കാലത്ത് കെ.സി.പാലം ഉയർത്തി നിർമ്മിക്കാൻ പദ്ധതിയുണ്ടന്ന പ്രചാരണം തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയുമില്ല.