കോട്ടയം: തലചായ്ക്കാനിടത്തിനു വേണ്ടി വിധവകളായ വീട്ടമ്മമാർ കോടതിവരാന്തകൾ കയറിയിറങ്ങുമ്പോഴും കരുണയില്ലാതെ നഗരസഭ. മുള്ളൻകുഴി നേതാജിനഗർ നിവാസികളായ മാടത്തി (70), മുനിയമ്മ (70), വീരലക്ഷ്മി (50) എന്നിവരാണ് നീതിപീഠങ്ങളിൽ അഭയം തേടിയിരിക്കുന്നത്. 32 വർഷംമുമ്പ് നഗരസഭ നിർമ്മിച്ചുനൽകിയ പുനരധിവാസ കോളനിയിലെ താമസക്കാരാണ് പട്ടികജാതി വിഭാഗക്കാരായ ഇവർ. സുരക്ഷിതമായ സംവിധാനമൊരുക്കാതെ താമസിക്കുന്ന വീടുകളിൽ നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന നഗരസഭയുടെ നീക്കമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പുറമ്പോക്കുകളിൽ താമസിച്ചിരുന്നവരും ശുചീകരണത്തൊഴിലാളികളുമായിരുന്ന 65 കുടുംബങ്ങളെ മുള്ളൻകുഴിയിൽ ഒറ്റമുറിയും അടുക്കളയുമുള്ള അപ്പാർട്ട്മെന്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിച്ചത് മൂന്നര പതിറ്റാണ്ട് മുമ്പാണ്. അതിൽ ചിലർ ജീവിതനിലവാരം മെച്ചപ്പെട്ടപ്പോൾ സൗജന്യമായികിട്ടിയ വീട് വിറ്റും വാടക നൽകിയും സ്ഥലം കാലിയാക്കി. എന്നാൽ പോകാൻ ഇടമില്ലാത്തവർ അവിടെ തുടർന്നു. വർഷങ്ങൾ കഴിഞ്ഞതോടെ വീടുകൾ ജീർണിച്ചുതുടങ്ങിയതോടെ നഗരസഭ തന്നെ ഫ്ലാറ്റുകൾ നിർമ്മിച്ച് ഇവരെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ നിർമ്മിച്ച മൂന്നുനില ഫ്ലാറ്റിൽ താമസിക്കാൻ 24 കുടുംബങ്ങൾക്കാണ് നറുക്ക് വീണത്. ബാക്കിയുള്ളവർക്കായി രണ്ടാം ഘട്ടത്തിൽ ഫ്ലാറ്റ് നിർമ്മിക്കുമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് ആ പ്രതീക്ഷയിൽ കഴിയുന്നവരോടാണ് ഒഴിഞ്ഞു മാറണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ വിധവകൾ സംസ്ഥാന സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും നഗരസഭ നിലപാട് മാറ്റിയില്ല. വീട്ടമ്മമാർ ഹൈക്കോടതിയിൽ നിന്ന് രണ്ടു മാസത്തേക്ക് സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും പിന്നീട് മൂന്നു തവണയായി രണ്ടു മാസം വീതം കോടതി സ്റ്റേ ദീർഘിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 10 വരെയാണ് അവസാന ഉത്തരവിന്റെ കാലാവധി. എന്നാൽ ഉത്തരവ് നിലനിൽക്കെ ഇവർ ഉടൻ വീടൊഴിയണമെന്ന നിലപാടിലാണ് നഗരസഭ. അതേസമയം, പുതിയ ഫ്ലാറ്റിലെ താമസക്കാരിൽ അനർഹരുമുണ്ടെന്ന് ആരോപണമുണ്ട്. അനർഹരെ കണ്ടെത്തി പുറത്താക്കി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ നഗരസഭ അതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വീട് മാറാനാവില്ലെന്ന് വീട്ടമ്മമാർ
തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം നൽകാതെ നിലവിലുള്ള വീട്ടിൽ നിന്ന് മാറാനാവില്ല. ബലപ്രയോഗത്തിന് ശ്രമിച്ചാൽ ഹൈക്കോടതിയെ അറിയിക്കും
24ൽ 6 അനധികൃതർ ?
താമസക്കാരിൽ 6 പേർക്ക് മറ്റിടങ്ങളിൽ സ്വന്തമായി വീടും സ്ഥലവുമുണ്ടെന്നും പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫ്ലാറ്റിൽ പട്ടികജാതിക്കാരല്ലാത്തവർക്കും വീട് അനുവദിച്ചിട്ടുണ്ടെന്നുംആരോപണമുണ്ട്.