കോട്ടയം: നാല് വർഷത്തിനുള്ളിൽ 'ദ്യുതി' പദ്ധതി പൂർണ്ണമായി നടപ്പാകുന്നതോടെ ജില്ലയിൽ വൈദ്യുതി വിതരണ മേഖല അടിമുടി മാറും. ഊർജകേരള മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 3665 നവീകരണ പ്രവർത്തനങ്ങളാണ് നടക്കുക. വൈദ്യുതി തകരാർ ഓഫീസിൽ ഇരുന്ന് കണ്ടെത്താവുന്ന അത്യന്താധുനിക സംവിധാനവും നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 222 പുതിയ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നിലവിലുള്ള ട്രാൻസ്ഫോമറുകളുടെ പവർ കൂട്ടും. പരാതിയുള്ളയിടങ്ങളിൽ നിന്ന് ട്രാൻസ്ഫോമറുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റും. ഇതിന്റെ പട്ടിക തയ്യാറാക്കുകയാണ്. എല്ലാ ട്രാൻസ്ഫോമറുകളും കമ്പിവേലിക്കകത്താക്കി സുരക്ഷിതമാക്കും. ഏരിയൽ ബെഞ്ച്ഡ് കേബിളുകൾ (എ.ബി.സി) വ്യാപിപ്പിക്കും.

പുത്തൻ സാങ്കേതിക വിദ്യ

വൈദ്യുതിത്തകരാർ കണ്ടെത്താനുള്ള നവീനസംവിധാനമായ 'ഫോൾട്ട് പാസ് ഡിറ്റക്ടർ' (എഫ്.പി.ഡി.) നടപ്പാക്കും. വൈദ്യുതി ലൈൻ പൊട്ടിവീഴുന്നത് അടക്കമുള്ള തകരാറുകൾ സംബന്ധിച്ച വിവരം തത്സസമയം ഉദ്യോഗസ്ഥർക്ക് ഫോണിൽ ലഭിക്കും. ഈ സംവിധാനം 11 കെ.വി. ലൈനുകളിലാണ് സ്ഥാപിക്കുക. നിശ്ചിത കേന്ദ്രങ്ങളിൽ ലൈനിൽ സ്ഥാപിക്കുന്ന സിഗ്‌നൽ സ്വീകരിക്കുന്ന ആന്റിനയും ഇതിനു താഴെ പോസ്റ്റിൽ സ്ഥാപിക്കുന്ന കൺട്രോൾ യൂണിറ്റും ഉൾപ്പെട്ടതാണ് സാങ്കേതിക വിദ്യ. ജി.പി.എസ് സഹായത്തോടെയാണ് പ്രവർത്തനം. ഫീഡർ പൂർണമായി ഓഫ് ചെയ്യാതെ ഒറ്റപ്പെട്ട തകരാറുകൾ പരിഹരിക്കാനുമാവും.

കോട്ടയം സർക്കിളിന്

₹ 370 കോടി

സ്ഥാപിക്കുന്നത് 222 പുതിയ ട്രാൻസ്ഫോമറുകൾ

വൈദ്യുതി വിതരണത്തിന് എ.ബി.സി പദ്ധതി

 ദ്യുതി പ്രകാരം 3665 നവീകരണ പദ്ധതികൾ

 തകരാർ ഓഫീസിലിരുന്ന് അറിയാൻ സംവിധാനം