തലയോലപ്പറമ്പ് : ആറ് വർഷം മുൻപ് കോടികൾ മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡ് തകർന്ന് കുഴികൾ നിറഞ്ഞതോടെ ഗതാഗതം തടസമായി. പുനർനിർമ്മാണത്തിനായി മൂന്ന് കോടി അനുവദിച്ചിട്ടും നിർമ്മാണം ഇനിയും തുടങ്ങിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആലപ്പുഴ - മധുര സംസ്ഥാന ഹൈവേയുടെ തലയോലപ്പറമ്പ് മുതൽ പെരുവ വരെയുള്ള റോഡിന്റെ 6 കിലോമീറ്ററോളം ഭാഗമാണ് തകർന്നുകിടക്കുന്നത്. പെരുവ പൈക്കര ക്ഷേത്രം, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, സായിപ്പുകവല, കാഞ്ഞിരവളവ് തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് കൂടുതൽ തകർന്നു കിടക്കുന്നത്. തലയോലപ്പറമ്പിൽ നിന്നും പെരുവ ഭാഗത്തേക്ക് പോകുമ്പോൾ റോഡിന്റെ വലതുവശമാണ് കൂടുതലായും കുഴികൾ നിറഞ്ഞ് തകർന്നു കിടക്കുന്നത്. രണ്ട് മാസം മുൻപ് തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കനത്ത മഴയിൽ ഇതെല്ലാം ഒഴുകിപോയതിനെ തുടർന്ന് യാത്ര കൂടുതൽ ദുരിതപൂർണ്ണമായി. ഇരുചക്രവാഹനമുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. അമിത ഭാരം കയറ്റി പോകുന്ന ടോറസ് ലോറികളാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ റോഡ് നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയെങ്കിലും ഉന്നത ഇടപെടൽ മൂലം അന്വേഷണം നടന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചം കുറവുള്ള ഭാഗത്തെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊതി സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. റോഡ് തകർന്നതോടെ ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
* തകർന്നത് കോടികൾ മുടക്കി 6 വർഷം മുൻപ് നിർമ്മിച്ച റോഡ്
* പുനർനിർമ്മാണത്തിന് തുക അനുവദിച്ചിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
* പൈക്കര, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, കാഞ്ഞിരവളവ് ഭാഗങ്ങൾ കൂടുതൽ തകർന്നു.
* രണ്ട് മാസം മുൻപ് അറ്റകുറ്റപണികൾ നടത്തിയതും മഴയിൽ ഒലിച്ചുപോയി
* അമിത ഭാരം കയറ്റുന്ന ടോറസ് ലോറികളാണ് റോഡ് തകരാൻ കാരണം