പാലാ : റബറിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളെ റബറിന്റെയും അനുബന്ധ ഉത്പാദനങ്ങളുടെയും വിലത്തകർച്ച സാമ്പത്തിക പ്രതിസന്ധിയിലാക്കി. റബർ നഴ്‌സറികളുടെ വ്യവസായത്തെയും വിലത്തകർച്ച ബാധിച്ചിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ റബറിനും തൈകൾക്കുമായിരുന്നു ആവശ്യക്കാർ ഏറെയും. മഹാരാഷ്ട്ര, കർണാടക, മലബാർ മേഖലകളിലെല്ലാം മീനച്ചിലിന്റെ റബറിനായിരുന്നു പ്രിയം. ഒരു ഏക്കർ സ്ഥത്ത് 180 റബർ മരങ്ങൾ വരെ നടാം. ഏഴ് വർഷത്തെ പരിപാലനം നടത്തി പാൽ ചുരത്താറാവുമ്പോഴേക്കും ഏക്കറിന് വർഷം 2 ലക്ഷത്തോളം ചെലവ് വരുന്നുണ്ട്. ഇത്രയും വർഷത്തെ അദ്ധ്വാനം വിലയിടിവിൽ വൃഥാവിലായതോടെ കർഷകർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. ഇത് പുതിയ കർഷകരെ റബറിൽ നിന്നും പിന്തിരിപ്പിക്കുന്നു.


നഴ്സറികൾക്കും നഷ്ടത്തിന്റെ കഥ
മീനച്ചിൽ താലൂക്കിൽ മാത്രം ഡസനിലേറെ റബർ നഴ്‌സറികൾ നിറുത്തലാക്കി കഴിഞ്ഞു. ലാഭം കണക്കാക്കാതെ കച്ചവടത്തിൽ തുടരുന്നവർ സാമ്പത്തിക പ്രതിസന്ധിയിലാണ്. നഴ്‌സറികളിൽ റബർ പരിപാലത്തിന് മാത്രം 8 മുതൽ 10 വരെ ജോലിക്കർ ആവശ്യമുണ്ട്. ഒരുകാലത്ത് ടൗണിന്റെ കണ്ണായ സ്ഥലങ്ങളിൽ ഏക്കറുകണക്കിന് സ്ഥലങ്ങൾ വാങ്ങികൂട്ടിയും വാടകക്കെടുത്തും ലാഭകൊയ്ത് നടത്തിയിരുന്ന നഴ്‌സറികൾ ഇന്ന് നഷ്ടപ്രതാപത്തിന്റെ കഥയാണ് പറയുന്നത്. സ്ഥലങ്ങൾ ഏറെയും കെട്ടിടങ്ങൾക്കും പാർക്കിംഗ് ഗ്രൗണ്ടുകൾക്കും വഴിമാറി. പ്രതിസന്ധിയിലും പതറാതെ പിടിച്ചു നിൽക്കുന്നവരാകട്ടെ റബർ കച്ചവടം രണ്ടാംതരം ബിസിനസാക്കി. പല നഴ്‌സറികളും പുഷ്പങ്ങൾക്കും റംബുട്ടാൻ, മാവ്, മാംഗോസ്റ്റിൻ, ജാതി, തേക്ക്, മഹാഗണി, കമുക്, പ്ലാവ് തുടങ്ങിയവയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.


പാലാ റബർത്തൈ അവഗണനയിൽ
രാജ്യത്തെമ്പാടും പ്രശസ്തമായിരുന്നു പാലാ റബർത്തൈകൾ ഇന്ന് അവഗണനയിലാണ്. ഒരുകാലത്ത് മലബാറിൽ നിന്ന് കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ നിന്നും പാലാ റബർതൈകൾ തേടി ആവശ്യക്കാരെത്തിയിരുന്നു. പുലർച്ചെ എത്തുന്ന മലബാർ ബസുകളിൽ ആവശ്യക്കാരെത്തുന്നതും കാത്ത് ഉണരുന്ന കാലവുമുണ്ടായിരുന്നു.

മറ്റ് വിളകളിലേക്ക് തിരിഞ്ഞു
റബർ പാലിനും അസംസ്‌കൃത വസ്തുക്കൾക്കും വിലയിടഞ്ഞതോടെ റബർ മേഖല പലർക്കും ബാധ്യതയായി. വെട്ടുകാർക്ക് കൂലി കൊടുക്കാൻ പോലും തികയാത്ത അവസ്ഥ. പല പ്ലാൻേഷനുകളും റബർ കൃഷി മതിയാക്കി മറ്റ് വിളകളിലേക്ക് തിരിഞ്ഞു. കൈതച്ചക്ക കൃഷി, തേക്ക്, മഹാഗണി തുടങ്ങിയ കൃഷികളിലേക്ക് വലിയ എസ്റ്റേറ്റുകൾ പോലും മാറി. മലയോര മേഖലകളിലെ റബറുകൾ വെട്ടിമാറ്റി റിസോർട്ടുകൾ ഉയരുകയാണ്. റബറിനെക്കാൾ മൂല്യം ടൂറിസത്തിനുണ്ടെന്നാണ് അവരുടെ അഭിപ്രായം.