കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു‌ഡി.എഫ് നേതൃത്വം ജോസ് വിഭാഗത്തിന് നൽകിയതിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് വിഭാഗം ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനം വീതം വയ്ക്കണമെന്ന ആവശ്യത്തിൽ പിടി മുറുക്കുന്നു.

മുൻ ധാരണ പ്രകാരം മാണി വിഭാഗത്തിന് അർഹതപ്പെട്ടതാണ് ചെയർമാൻ സ്ഥാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയതോടെ ചങ്ങാനാശേരി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയും ഇരുവിഭാഗവും കടിപിടി മുറുക്കുമെന്ന് ഉറപ്പായി.

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ചങ്ങനാശേരി നഗരസഭയിലെ ധാരണ പ്രകാരം രണ്ടര വർഷം കോൺഗ്രസിനും രണ്ടര വ‌ർഷം കേരളകോൺഗ്രസ് എമ്മിനും ആവകാശപ്പെട്ടതാണ്. ഇനിയുള്ള ഒന്നേകാൽ വർഷം വേണമെന്നാണ് കേരളകോൺഗ്രസ് ഡെപ്യൂട്ടി ലീഡർ സി.എഫ്.തോമസിന്റെ സഹോദരനും നഗരസഭാ കൗൺസിലറുമായ സാജൻ ഫ്രാൻസിസ് ആവശ്യപ്പെടുന്നത്. യു.ഡിഎഫിൽ ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കിയിരുന്നെന്നും സാജൻ അവകാശപ്പെടുമ്പോൾ ജോസ് വിഭാഗം പ്രതികരിക്കുന്നില്ല. സി.എഫ് .തോമസ് ജോസ് കെ മാണിയെ വിട്ട് ജോസഫ് പക്ഷത്തേക്ക് പോയതിനാൽ സഹോദരനായ സാജൻ ഫ്രാൻസിസിന് ചെയർമാൻ സ്ഥാനം നൽകാൻ ജോസ് വിഭാഗം തയ്യാറാകാനിടയില്ല. പ്രശ്നം യു.ഡി.എഫിൽ ചർച്ചാവിഷയമാകാനാണ് സാദ്ധ്യത.