കോട്ടയം: കേരളത്തിലെ കാർഷിക വായ്പകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മാല സീതാരമനോട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുമായും റിസർവ് ബാങ്കുമായും അടിയന്തര ചർച്ചനടത്തി തീരുമാനം എടുക്കണം. സർഫാസി നിയമത്തിലെ റൂൾ 31(ഐ) പ്രകാരം കൃഷിഭൂമികളെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്. കേരളത്തിലെ ആധാരത്തിലെ പുരയിടം എന്ന വാക്കിനെ തെറ്റായി നിർവചിച്ച് കേരളത്തിൽ കൃഷിഭൂമിയും സർഫാസി നിയമത്തിൽ ഉൾപ്പെടുത്തി. ഇത് ഒഴിവാക്കാനുള്ള നിയമനടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കണം. വാണിജ്യബാങ്കുകളുടെ കിട്ടാകടങ്ങൾ പിരിക്കാൻ റവന്യൂ റിക്കവറി നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. മൊറട്ടോറിയത്തിന്റെ കാലവാധി നീട്ടി നൽകാതിരുന്നാൽ കർഷകരുടെ കൂട്ട ആത്മഹത്യക്ക് വഴിയൊരുക്കും. 48,000 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്തെ കർഷകർക്ക് ബാങ്കുകൾ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നും ജോസ് കെ.മാണി പറഞ്ഞു.