തലയോലപ്പറമ്പ്: വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുങ്ങിമരണം ദിനം പ്രതി വർദ്ധിച്ചിട്ടും ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ ഫയർഫോഴ്‌സ്. കടവുകളിൽ കഴിഞ്ഞ 4 മാസത്തിനിടെ 16 ജീവനുകൾ ആണ് പൊലിഞ്ഞത്. പെട്ടെന്ന് ഒരാവശ്യം വന്നാൽ സ്‌കൂബ ടീം കോട്ടയത്തു നിന്നും സംഭവസ്ഥലത്ത് എത്തുന്നത് വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് പ്രദേശത്ത് ഇന്നും ഉള്ളത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമന രക്ഷാപ്രവർത്തനത്തിന് ഓടി എത്തുന്നുണ്ടെങ്കിലും വെള്ളത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനം നടക്കാൻ താമസം നേരിടുന്നത് പലപ്പോഴും ജീവനുകൾ നഷ്ടമാകാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ ആറിന്റെ തൈക്കാവ് കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ഇടുക്കി സേനാപതി സ്വദേശി അനന്തുവിന്റെ (19) മൃതദേഹം മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം കോട്ടയത്തുനിന്നും എത്തിയ സ്‌കൂബ ടീമാണ് കണ്ടെടുത്തത്.
കെ.എസ് മംഗലം പുത്തൻതറയിൽ വിലാസിനി (63), ചെമ്മനാകരി പുത്തൻ തറ പി.കെ.സത്യൻ(54), ചെമ്മനാകരി പുത്തൻപുരയിൽ സാബു(45), മറവൻതുരുത്ത് മോർപ്പള്ളിൽ ഗിരീഷ്‌കുമാർ(45), പാലാംകടവ് ആലിൻ ചുവട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ദിലീപ് കുമാർ(52), വടയാർ പൊന്നുരുക്കും പാറയിൽ പി.കെ.ഭാസ്‌കരൻ(73), മറവൻതുരുത്ത് ഇടവട്ടം രണ്ടു കണ്ടത്തിൽ ദീപ(30),മകൾ ദക്ഷ(2വയസ്സ്), ചെമ്പ് മുറ്റുത്തിൽ പത്മനാഭൻ(76), കോട്ടയംമണർകാട് വെട്ടിക്കുന്നേൽ തേജസ് കെ.എബ്രഹാം (23), കണ്ണൂർ തളിപ്പറമ്പ് വഴികുന്നത്ത് വി.ജെ.ബാബു(54), ഇടക്കൊച്ചി വിജെടി റോഡ് പൊടിപ്പറമ്പിൽ ലിബിൻ ജോർജ്(25), പൂത്തോട്ട പാലത്തിന്റെ കൈവരിയിൽ ബൈക്ക് ഇടിച്ച് പുഴയിൽ വീണ് വൈക്കം തെക്കേനട വല്യാറമ്പത്ത് അർജ്ജുൻ വിജയ്(24) എന്നിവരും വെട്ടിക്കാട്ട് മുക്ക് തൈക്കാവ് കടവിൽ തന്നെ കഴിഞ്ഞ മാർച്ച് 28ന് കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങളായ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം നന്ദനത്തിൽ സൗരവ് ( 16), സന്ദീപ് ( 16) എന്നിവരുമാണ് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ആയി വെള്ളത്തിൽ മുങ്ങി മരിച്ചത്. മുങ്ങി മരണം ദിനം പ്രതി വർദ്ധിച്ചിട്ടും ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകകളിലെ 10 ഓളം പൊതു കുളിക്കടവുകളിൽ ഇന്നലെ കടുത്തുരുത്തി ഫയര്‍സ്റ്റേഷൻ ഓഫീസർ എസ്.കെ.ബിജുമോന്റെ നേതൃത്വത്തിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു.കടവുകളിൽ സുരക്ഷാവേലികൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഫയർഫോഴ്‌സ് പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
വൈക്കത്തെ അഗ്‌നിശമന സേനയ്ക്ക് രണ്ട് മാസം മുൻപ് സ്‌കൂബ ഉപകരണം ലഭ്യമാക്കിയെങ്കിലും അതിന്റെ യാതൊരു പ്രയോജനവും നാട്ടുകാർക്ക് ഇത് വരെ ലഭ്യമായിട്ടില്ല. സ്‌കൂബ ഉപകരണം ഉപയോഗിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാർ ഇല്ലാത്തതും ഇതിനാവശ്യമായ റബർ ഡിങ്കി ഇല്ലാത്തതും ആണ് പലപ്പോഴും രക്ഷാപ്രവർത്തനം വൈകാൻ കാരണം
സൂചനാബോർഡുകൾ സ്ഥാപിച്ച് വെട്ടിക്കാട്ട് മുക്ക്ഗുരുപ്രസാദം എസ്.എച്ച് ഗ്രൂപ്പ്
കുളിക്കാനായി ഇറങ്ങുന്ന കടവ് സുരക്ഷിതമല്ലാത്തതും അപകടങ്ങൾ തുടർക്കഥയാകുന്നതോടെ കടവിൽ വെട്ടിക്കാട്ട് മുക്ക്ഗുരുപ്രസാദം എസ്.എച്ച് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അപകട മുന്നറിയിപ്പായി അപായസൂചനാ ബോർഡ് ഇന്നലെ സ്ഥാപിച്ചു. ശാഖാ സെക്രട്ടറി എസ്. അനിൽകുമാർ, ദിനീഷ്, കെ.പി ഷാജി, വി.എം ഷാനു ,റെജി എന്നിവരുടൈ നേതൃത്വത്തിലാണ് താത്കാലികമായി അപായസൂചനാ ബോർഡുകൾ സ്ഥാപിച്ചത്. ഈ ഭാഗത്ത് കുളിക്കുന്നതിനായി സുരക്ഷിത കടവ് നിർമ്മിക്കമെന്ന ആവശ്യം ശക്തമാണ്.