തലയോലപ്പറമ്പ് : ഉറ്റവരും ഉടയവരുമുള്ള മനുഷ്യർക്ക് പോലും സ്‌നേഹത്തിന്റെ വില അറിയാത്ത ഈ കാലത്ത് ബന്ധുക്കൾ ആരെന്ന് പോലും അറിയാത്ത രാജുവിന് കാവലായി എമിനി എന്ന നായക്കുട്ടി. കഴിഞ്ഞ പ്രളയത്തിലാണ് തലയോലപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നായക്കുട്ടിയെ രാജുവിന് ലഭിച്ചത്. ബോംബെ സ്വദേശിയായ രാജു 10 വർഷത്തിലധികമായി തലയോലപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപമുള്ള വെയിറ്റിംഗ് ഷെഡിലാണ് അന്തിയുറങ്ങുന്നത്. ബസ് ക്ലീനിംഗ് തൊഴിലാളിയായി എത്തിയ ഇയാൾ രണ്ട് വർഷമായി ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. പ്രളയം മുതൽ കൂടെ കൂടിയ നായക്ക് എമിനി എന്ന് പേരിട്ടു. രാജുവിന്റെ സന്തത സഹചാരിയായി മാറുകയായിരുന്നു പിന്നീട് നായക്കുട്ടി .രാവിലെ ലോട്ടറി വില്പനയ്ക്കായി ഇറങ്ങുന്ന രാജുവിന്റെ കൂടെ എമിനിയും കൂടും. തലയോലപ്പറമ്പ്, കോരിക്കൽ, വടയാർ, പള്ളിക്കവല, അടിയം എന്നിവിടങ്ങിൽ രാജു സൈക്കിൾ ചവിട്ടി വില്പന നടത്തുമ്പോൾ ദിവസവും കൂടെ പോകുന്ന എമിനി അല്പം സ്പീഡിൽ പുറകെ തന്നെയുണ്ടാകും. നായക്കുട്ടി തളരുന്നത് കാണുമ്പോൾ സൈക്കിളിൽ നിന്നും ഇറങ്ങിയാണ് പിന്നീടുള്ള രാജുവിന്റെ ലോട്ടറി വില്പന. വൈകിട്ട് തിരികെ എത്തുമ്പോൾ നായക്കുട്ടിക്ക് ഇഷ്ടമുള്ള പോറോട്ടയും വയറ് നിറയെ വാങ്ങി നൽകും. ദിവസവും 60 മുതൽ 80 വരെ ഭാഗ്യക്കുറികൾ വില്പന നടത്തുന്ന രാജുവിന്റെ കൂടെ നായക്കുട്ടി ഉള്ളത് വില്പനയെ ബാധിച്ചിട്ടില്ലെങ്കിലും ആരെങ്കിലും രാജുവുമായി തർക്കിച്ചാലോ അനുവാദം കൂടാതെ ടിക്കറ്റുകൾ വച്ചിരിക്കുന്ന സൈക്കിളിൽ പിടിച്ചാലോ എമിനി ആ നിമിഷം ചാടി വീഴും. ജോലി കഴിഞ്ഞ് രാത്രി വെയിറ്റിംഗ് ഷെഡിൽ കിടന്ന് രാജു ഉറങ്ങുമ്പോൾ സമീപത്തായി എമിനിയും ഉണ്ടാകും രാജുവിനും സൈക്കിളിനും ഭാഗ്യക്കുറിക്കും കാവലായി.