കോട്ടയം: നാടൻ വിഭവങ്ങളുടെ രുചിവൈവിദ്ധ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്റെ മഴരുചിപ്പെരുമ കർക്കിടക ഫെസ്റ്റിന് കോട്ടയം കളക്ട്രേറ്റ് വളപ്പിൽ തുടക്കം കുറിച്ചു. ഉണക്ക കപ്പയും മുതിരയും വേവിച്ചത്, ചേമ്പിൻ താൾ തോരൻ, ചേനപ്പിണ്ടിയും ചെറുപയറും, കാച്ചിലും കൂർക്കയും കാന്താരിയും, ചെറുപയറും കരിപ്പെട്ടിയും തുടങ്ങി പതിവു വിഭവങ്ങളുടെ പട്ടികയിലില്ലാത്ത പലതിന്റെയും രുചിയറിയാൻ ഇവിടെ അവസരമുണ്ട്.

കർക്കിടക മാസത്തിലെ പ്രത്യേക ഔഷധക്കൂട്ടുകളായ കർക്കിടകകഞ്ഞി, ഞവരക്കഞ്ഞി, ഉലുവാക്കഞ്ഞി തുടങ്ങിയവയും അവിൽ, ഏത്തപ്പഴം, ഈന്തപ്പഴം, കുമ്പളങ്ങ, ഉണക്കലരി പായസങ്ങളും ലഭ്യമാണ്.

കളക്ട്രേറ്റ് വളപ്പിലെ പോസ്റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന മഴരുചിപ്പെരുമ എ.ഡി.എം അലക്‌സ് ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ സ്റ്റാൾ സന്ദർശിച്ചു. ഫെസ്റ്റ് നാളെ സമാപിക്കും.