അടിമാലി: അടിമാലി തടത്തിപ്പടി നിവാസികൾ ഭീതി യിലാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി അജ്ഞാതരായ ചിലർ ചുറ്റിതിരിഞ്ഞിരുന്നതാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്.കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്തിവരുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരനായ മണലേൽ സലി പറയുന്നു.തടത്തിപ്പടിയിലെ വീടുകളിൽ നിന്നും വസ്ത്രങ്ങളും ചക്കയും മാങ്ങയുമടക്കമുള്ള വസ്തുക്കൾ മോഷണം പോയതോടെ അജ്ഞാതരായ ആളുകളെ സംബന്ധിച്ച് പരാതി ഉയർന്നു.നാട്ടുകാർ വിവരം വനംവകുപ്പിനും പൊലീസിനും ഇന്റലിജൻസിനും കൈമാറി.വനംവകുപ്പുദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കൈതച്ചാൽ വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.കഴിഞ്ഞ ചൊവ്വാഴ്ച്ച രണ്ട് തവണ അജ്ഞാതർ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും കീഴടക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു.അതേ സമയം പ്രദേശവാസികളുടെ ആശങ്ക സംബന്ധിച്ച് പൊലീസിനെ വിവരമറിയിച്ചിട്ടും വേണ്ടരീതിയിലുള്ള ഇടപെടൽ ഉണ്ടായില്ലെന്ന പരാതി നാട്ടുകാർക്കിടയിലുണ്ട്.ജനവാസ മേഖലയിൽ നിന്നും ഓടി രക്ഷപ്പെട്ട അജ്ഞാതരെ പൊലീസിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കിൽ എളുപ്പത്തിൽ പിടികൂടാമായിരുന്നുവെന്ന് പഞ്ചായത്തംഗം ടി പി വർഗ്ഗീസ് പറഞ്ഞു.ആളില്ലാത്ത സമയങ്ങളിൽ വീടുകളിൽ നിന്നും മോഷ്ടിച്ചിരുന്ന ചക്കയും മാങ്ങയുമുൾപ്പെടെയുള്ള വസ്തുക്കളായിരുന്നു അജ്ഞാതരുടെ പ്രധാന ഭക്ഷണവസ്തുക്കളെന്നാണ് നിഗമനം.തിരച്ചിൽ വ്യാപകമായതോടെ അജ്ഞാതർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു.നാട്ടുകാരുടെ പരാതിയെ തുടർന്ന് അടിമാലി പൊലീസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച തടത്തിപ്പടിയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.മാവോയിസ്റ്റെന്നും, ഒളിവിൽ താമസിക്കുന്നവരെന്നും തുടങ്ങി ഒട്ടേറെ അഭ്യൂഹങ്ങളാണ്പരക്കുന്നത്.