pipe-lek
ചിത്രം: പൈപ്പ് പൊട്ടിയൊഴുകുന്നു.

അടിമാലി: പഞ്ചായത്തില്‍ നടപ്പിലാക്കിയ കൈനഗിരി കുടിവെള്ള പദ്ധതി നാട്ടുകാര്‍ക്ക് തലവേദനയായി മാറി. നെന്മേനി കേന്ദ്രമായുള്ള സഹകരണ സംഘത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയെന്നാണ് പഞ്ചായത്ത് പറയുന്നതെങ്കിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിന് ഉത്തരവാദികളാരുമില്ല. ഏറ്റവും ഒടുവില്‍ മില്ലുംപടി സ്നേഹ ദീപം റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പ്രദേശമാകെ വെള്ളക്കെട്ടായി മാറി. പഞ്ചായത്തിനെയും ജലനിധിയെയും വിവരമറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പൊട്ടിയ പൈപ്പിന്റെ ഒരു ഭാഗം മണ്ണിനടിയിലാണ്. പരാതിക്കിടവരുത്തിയ പൈപ്പിലേക്ക് വെള്ളമൊഴുകിയെത്തുന്ന വാല്‍വ് അടച്ച് വെള്ളക്കെട്ടൊഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്കുള്ള സപ്ലൈ പൈപ്പുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതിന് മുമ്പും പദ്ധതിയുടെ ഭാഗമായ പ്രധാന പൈപ്പ് പൊട്ടി ദേശിയപാതയോരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.