പാലാ : നഗരസഭാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതിന് ഗൂഢനീക്കം നടക്കുന്നതായി ഇടതുമുന്നണി പാലാ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ചെറിയാൻ ജെ. കാപ്പൻ മെമ്മോറിയലായി നിർമ്മിച്ചിരിക്കുന്ന സ്‌റ്റേഡിയത്തിനുള്ളിലെ ട്രാക്കിന് കെ.എം. മാണി സ്മാരകമെന്ന് നാമകരണം ചെയ്യുന്നത് മാണിയെ അപമാനിക്കാനാണ്. നഗരസഭയുടെ മിക്ക രേഖകളിലും സമീപകാലത്ത് ചെറിയാൻ ജെ. കാപ്പന്റെ പേര് തമസ്‌കരിച്ച് സിന്തറ്റിക് സ്‌റ്റേഡിയം എന്നാണ് രേഖപ്പെടുത്തുന്നത്. മാണിക്ക് പാലായിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിനോട് എതിർപ്പില്ല. അതിന് സ്വാതന്ത്ര്യസമര സേനാനിയായ ചെറിയാൻ ജെ.കാപ്പന്റെ പേര് നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു കെ. ജോർജ്, പീറ്റർ പന്തലാനി, ബാബു മുകാല, വി.എൽ. സെബാസ്റ്റിയൻ, ജോഷി പുതുമന, കെ.ആർ. സുദർശ് എന്നിവർ പറഞ്ഞു.
മാണിയോടുള്ള അനാദരവ് : ചെയർപേഴ്‌സൺ
നഗരസഭാ സ്‌റ്റേഡിയത്തിന് ചെറിയാൻ ജെ. കാപ്പൻ മെമ്മോറിയൽ സ്‌റ്റേഡിയം എന്ന പേര് നിലനിറുത്തുമെന്നും കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ അനുവദിച്ച് നിർമ്മിച്ച സ്‌റ്റേഡിയത്തിന് അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിന് അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കായികപ്രേമികൾ ആവശ്യപ്പെട്ടതായി നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു. സ്‌റ്റേഡിയം മാനേജ്‌മെന്റ് കമ്മറ്റിയിലും ഈ നിർദ്ദേശം ഉന്നയിച്ചിരുന്നു. ഇത് വിവാദമാക്കാൻ ശ്രമിക്കുന്നത് കെ.എം. മാണിയോടുള്ള അനാദരവാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു.