കോട്ടയം: കോടിമത നാലുവരിപാതയിൽ അമിതവേഗത മൂലമുള്ള അപകടങ്ങൾ പെരുകുന്നു. വലുതും ചെറുതുമായ വാഹനങ്ങൾ അമിതവേഗത്തിൽ പായുമ്പോൾ ഏതെങ്കിലുമൊന്ന് പെട്ടന്ന് ബ്രേക്ക് ചെയ്യുകയോ വഴിതിരിയുകയൊ ചെയ്താൽ കൂട്ടിയിടികൾ നടക്കുമെന്നതാണ് അവസ്ഥ. ഇന്നലെ വൈകിട്ട് പെട്ടന്ന് ബ്രേക്ക്ചെയ്ത കാറിന് പിന്നിൽ ഇടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ മുന്നറിയിപ്പില്ലാതെ ബ്രേക്ക് ചെയ്തപ്പോൾ അതേ വേഗത്തിൽ തൊട്ടുപിന്നാലെ എത്തിയ ഓട്ടോറിക്ഷ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. നാലുവരിപാതയിൽ അമിതവേഗത മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച നിരീക്ഷണകാമറ കണ്ട് കാർ വേഗത കുറച്ചപ്പോഴാണ് പിന്നാലെവന്ന ഓട്ടോറിക്ഷ ഇടിച്ചത്. ഓട്ടോറിക്ഷയിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം എം.സി. റോഡിൽ ഗതാഗതം തടസപ്പെട്ടു.