കോട്ടയം: ഇടയജീവിതത്തിന്റെ ഇടവേളകൾ ഹരിത കേരളത്തിനുവേണ്ടി മാറ്റിവച്ച ഫാ.കെ സി തോമസ് (81) കപ്യാരുമലയിലിന്റെ ജൈവപച്ചക്കറികൃഷി പൊതുസമൂഹത്തിന് മാതൃകയാകുന്നു.
കാഞ്ഞിരപ്പള്ളി സമന്വയ ജസ്യൂട്ട് ഹോമിലാണ് കപ്യാരുമലയിൽ അച്ഛന്റെ കൃഷി നൈപുണ്യം പ്രകടമാക്കിയിരിക്കുന്നത്. ജെസ്യൂട്ട് ഹോമിനൊപ്പം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിലെ വിവിധ ദേവാലയങ്ങളിൽ ആത്മീയ ശുശ്രൂഷകനായും സേവനം ചെയ്യുന്നുണ്ട്. അതിനിടെ വീണുകിട്ടുന്ന ഒഴിവുവേളകളാണ് ജൈവപച്ചക്കറിക്കുവേണ്ടി മാറ്റിവയ്ക്കുന്നത്. വെറുമൊരു കർഷകൻ മാത്രമല്ല, ജൈവകൃഷിയുടെ ആവശ്യകതയും സാദ്ധ്യതകളും സാധാരണക്കാരിലെത്തിക്കാനുള്ള ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങളിൽ വലിയൊരു പ്രചാരകൻ കൂടിയാണ് ഈ പുരോഹിതൻ.
തന്നെ സന്ദർശിക്കാൻ എത്തുന്നവർക്ക് സമ്മാനമായി നൽകുന്നത് ഈ തോട്ടത്തിൽ വിളയുന്ന ജൈവ പച്ചക്കറികളാണ്. എൺപത്തിയൊന്നാം വയസിലും കൃഷി കാര്യങ്ങളിൽ ഊർജസ്വലനായ പുരോഹിതന് ഹരിത കേരളം മിഷൻ എല്ലാ പിന്തുണയും സഹായവും നൽകുന്നുമുണ്ട്.
എറണാകുളം മഹാരാജസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും പൂനൈ സിനോബലി കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും നേടിയ ഫാ.കെ സി തോമസ് കേരളത്തിലെ പലസ്ഥലങ്ങളിലും ഇടവക വികാരിയായും ജർമനിയിലെ മ്യൂണിക്കിലും ഗുജറാത്തിലെ അഹമ്മദാബാദിലും മിഷനറിയായും പ്രവർത്തിച്ചിട്ടുണ്ട്. സേവനമനുഷ്ടിച്ച സ്ഥലങ്ങളിലൊക്കെ തൊഴിലാളികളിലും വിദ്യാർത്ഥികളിലും മൂല്യബോധം വളർത്താനുള്ള നിരവധി കർമ്മപദ്ധതികളും ആവിഷ്കരിച്ചിരുന്നു. പൗരോഹത്യത്തിനൊപ്പം കുട്ടികളുടെ മാസികയായ സ്നേഹസേനയിൽ പത്രാധിപരായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തോട്ടത്തിൽ ആനക്കൊമ്പൻ വെണ്ട, വഴുതന, പാവൽ, പയർ, പച്ചമുളക്, തക്കാളി, കുക്കമ്പർ മുതൽ മലയാളിയുടെ കറിക്കൂട്ട് പച്ചക്കറികളുടെ വലിയൊരു നിരതന്നെയുണ്ട്.
വളമായി ചാണകപ്പൊടിയും പച്ചിലയും മാത്രം
കീടനാശിനികൾ പേരിനുപോലും ഉപയോഗിക്കാറുമില്ല