പാലാ : മിനി സിവിൽസ്‌റ്റേഷനിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ ആർ.ഡി.ഒ അനിൽ ഉമ്മന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് തലവന്മാരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും ശുചിത്വമിഷൻ അധികൃതരുടെയും യോഗത്തിൽ തീരുമാനം. സിവിൽസ്‌റ്റേഷൻ കെട്ടിടത്തിനുള്ളിലും പുറത്തും മാലിന്യനിക്ഷേപം വ്യാപകമായതിനെത്തുടർന്നാണ് നടപടി. കെട്ടിടത്തിനകത്തും പുറത്തുമുള്ള മാലിന്യം മൂന്നുദിവസം കൊണ്ടാണ് നീക്കംചെയ്തത്. മോഡൽ മാലിന്യപ്ലാന്റ് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കും. മൂന്നുമാസത്തിനകം പ്ലാന്റ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അജൈവമാലിന്യം സിവിൽസ്‌റ്റേഷനിൽ നിക്ഷേപിക്കാൻ പാടില്ല. ജൈവമാലിന്യം നിക്ഷേപിക്കാൻ സിവിൽസ്‌റ്റേഷനു പിന്നിൽ താത്കാലികമായി കുഴി തീർത്തിട്ടുണ്ട്. ജൈവ മാലിന്യപ്ലാന്റ് പൂർത്തിയായാലുടൻ കുഴി മൂടും.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് സിവിൽസ്‌റ്റേഷനു പിന്നിൽ 5 ശുചിമുറികൾ നിർമ്മിക്കും. സിവിൽ സ്‌റ്റേഷന് പിന്നിലും സബ് രജിസ്ട്രാർ ഓഫീസ് മുറ്റത്തുമായി കൂട്ടിയിട്ടിരിക്കുന്ന പഴയവാഹനങ്ങൾ ഇന്ന് മാറ്റും. ആക്രിസാധനങ്ങൾ ഉടൻ ലേലം ചെയ്യും. സിവിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. ജീവനക്കാർക്കായി ശുചിത്വമിഷൻ അധികൃർ ബോധവത്ക്കരണ ക്ലാസും നടത്തി. കെട്ടിടത്തിനകത്തും പുറത്തും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ പറഞ്ഞു.

തഹസിൽദാർമാരായ വി.എം അഷറഫ്,എം.ജെ ഏബ്രഹാം, സൂപ്രണ്ട് സണ്ണി ജോർജ്, ളാലം വില്ലേജ് ഓഫീസർ വിനോദ് ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.