കോട്ടയം: ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നല്കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറിയുടെ ഉടമയുടെ ആറു ലക്ഷംരൂപ തട്ടിയെടുത്ത് മുങ്ങിയ ആളെ കോട്ടയം ഈസ്റ്റ് പൊലീസ് കുമളിയിൽ നിന്ന് പിടികൂടി.

എറണാകുളം അരയൻകാവ് സ്വദേശി വേഗപ്പറമ്പിൽ സോമൻ (സ്യൂട്ട്‌കേസ് സോമൻ-57) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 8ന് ഉച്ചയോടെ കോട്ടയം കളക്‌ടറേറ്റിനു സമീപത്തെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സോമൻ പണവുമായി മുങ്ങിയത്. ഏറ്റുമാനൂരിലുള്ള ജ്വല്ലറി ഉടമയേയും കൂട്ടി കോട്ടയത്ത് എത്തിയ പ്രതി പണംവാങ്ങി ബാങ്കിലേക്കുകയറി മുങ്ങുകയായിരുന്നു. ഏറെ നേരത്തെ കാത്തുനിൽപ്പിന് ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ജ്വല്ലറിയുടമ തിരിച്ചറിഞ്ഞത്.
ഉടൻതന്നെ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വർഷങ്ങൾക്കു മുമ്പു സമാനമായ സംഭവത്തിൽ സോമനെതിരെ കേസുള്ളതായി കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ കുമളിയിൽ നിന്നും പിടികൂടിയത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമൽ ബോസ്, സബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ, തോമസ്, എ.എസ്‌.ഐമാരായ ഷിബുക്കുട്ടൻ, ജോർജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.