വൈക്കം: മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമിക്കുന്നതിനായി ആറാട്ടുകുളങ്ങരയ്ക്ക് കിഴക്കുഭാഗത്ത് നഗരസഭയുടെ അധീനതയിലുള്ള സ്ഥലം സന്ദർശിക്കാനായി കെ.എസ്.എഫ്.ഡി.സി ഉദ്യോഗസ്ഥർ ഇന്നു ഉച്ചക്ക് 12ന് വൈക്കത്ത് എത്തുമെന്ന് നഗരസഭാ ചെയർമാൻ പി.ശശിധരൻ അറിയിച്ചു. കെ.എസ്.എഫ്.ഡി.സി വൈക്കത്ത് തുടങ്ങുന്ന തിയേറ്ററിന് സ്ഥലം അനുവദിച്ച പശ്ചാത്തലത്തിൽ സി.കെ ആശ എം.എൽ.എ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുണുമായി വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ച് നടത്തിയ ചർച്ചയെ തുടർന്നാണ് സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ചെയർമാൻ ചുമതലപ്പെടുത്തിയത്. നഗരസഭ അനുവദിച്ച സ്ഥലം സന്ദർശിച്ച് തിയേറ്റർ നിർമാണത്തിന് അനുയോജ്യമായ സ്ഥലമാണോ എന്നത് സംബന്ധിച്ച് ചെയർമാന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് അനുകൂലമെങ്കിൽ ഉടൻതന്നെ തിയേറ്റർ നിർമാണവുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ എം.എൽ.എയ്ക്ക് ഉറപ്പ് നൽകി.