കോട്ടയം : ജന്മം കൊണ്ട് കൊടുങ്ങല്ലൂരുകാരനായി പേരിനൊപ്പം കൊടുങ്ങല്ലൂരെന്ന് ചേർത്തിട്ടും എല്ലാ അർത്ഥത്തിലും കർമ്മം കൊണ്ട് കോട്ടയംകാരനായിരുന്നു ഗോപി കൊടുങ്ങല്ലൂർ. ഏഷ്യയിലെ ഏറ്റവും വലിയ എഴുത്തുകാരുടെ സഹകരണ സംഘമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ലിക്കേഷൻ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച്, പബ്ലിക്കേഷൻ മാനേജരും പിന്നെ ദീർഘകാലം സെക്രട്ടറിയുമായി പ്രവർത്തിച്ച ഗോപി കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു.

1980കൾ മുതൽ 2000 വരെ കോട്ടയത്തെ സാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഗോപി കൊടുങ്ങല്ലൂർ തകഴിയും ബഷീറും പൊൻകുന്നംവർക്കിയുമടക്കമുള്ള പഴയ തലമുറ മുതൽ പുതിയ തലമുറകളിലെ എഴുത്തുകാരുമായി വരെ സൗഹൃദം ഉണ്ടാക്കിയിരുന്നു. പലരുടെയും കുടുംബാംഗമെന്ന പോലെ വ്യക്തിപരമായ കാര്യങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. കവി പി.കുഞ്ഞിരാമൻ നായർ, ഉറൂബ്, കെ.എം.തരകൻ, തുടങ്ങിയ പ്രമുഖർ കോട്ടയത്തു ചില പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി വന്നപ്പോൾ അവർക്കൊക്കെ സഹായിയായി ഒപ്പം ഗോപിയുമുണ്ടായിരുന്നു. വായിൽ മുറുക്കാനില്ലാതെ ഗോപിയെ അന്നു കാണുക ബുദ്ധിമുട്ടായിരുന്നു. മുറുക്കുന്നതിനാവശ്യമായ വെറ്റിലയും പാക്കും പുകയിലയും ചുണ്ണാമ്പും മാത്രമല്ല പാക്കുവെട്ടിവരെ കൈവശമുള്ള കറുത്ത ബാഗിലെ പൊതിയിലുണ്ടാകും. സൗഹൃദത്തിനായി ജീവിതവും കർമ്മപദവും സമർപ്പിച്ച ഗോപി വലിയ സൗഹൃത്തിനുടമയായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും ചെല്ലാം. സങ്കടങ്ങൾ പങ്കുവയ്ക്കാം. നീട്ടിയൊന്നു മുറുക്കിത്തുപ്പി ഒന്നു ചിരിച്ച്, ഉടനെ പരിഹാരം കണ്ടെത്തിയിരിക്കും. സാഹിത്യ ഭംഗിയോടെ മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള തെളിഞ്ഞ ഭാഷ എന്നും കൈവശമുണ്ടായിരുന്നു. ഗോപിയുടെ പ്രസംഗം കേട്ടാൽ ഇടിവെട്ടോടെയുള്ള മഴ പെയ്തു തോർന്ന അനുഭവമാണ്. നായർ സമുദായാംഗമായിരുന്നിട്ടും സാമുദായിക വേർതിരിവ് പ്രകടിപ്പിക്കാതെ കോട്ടയത്തെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി നല്ല ഇഴഅടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ എല്ലാ വർഷവും നടത്താറുള്ള പി.ജി.രാധാകൃഷ്ണൻ മെമ്മോറിയൽ പ്രസംഗമത്സരത്തിലെ സ്ഥിരം വിധികർത്താക്കളിലൊരാളായിരുന്നു. വീടിനടുത്തുള്ള പരിപ്പ് ശാഖയുമായി ബന്ധപ്പെട്ട് കുടുംബയോഗങ്ങളിൽ വരെ ശ്രീനാരായണ പ്രഭാഷകനായെത്തിയിിരുന്നു. ഗുരുദേവ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട സുവനീറിന്റെ മുഖ്യ പത്രാധിപരായിരുന്നു. ആഗസ്റ്റ് 10 ന് പാലായിൽ നടക്കേണ്ട വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രാസംഗികരിലൊരാളായിരുന്ന ഗോപി അടുത്ത സുഹൃത്തായിരുന്ന വെട്ടൂർ രാമൻനായരെക്കുറിച്ച് ഉള്ളുതുറന്നു സംസാരിക്കാനാവാതെ ദീപ്ത സ്മരണകൾ ബാക്കിയാക്കിയാണ് യാത്രയാകുന്നത്.