കോട്ടയം: ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവും ഹഷീഷും കേരളത്തിലെത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നല്കിയിട്ടും തടയിടാൻ കഴിയാതെ എക്സൈസും പൊലീസും. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞവർഷം കേരളത്തിൽ പരക്കെ നടന്ന പരിശോധനയിൽ 60 കോടി രൂപയുടെ ഹഷീഷ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത് കടത്തിയതിന്റെ പത്തു ശതമാനം പോലുമില്ലെന്ന് എക്സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.
കമ്പത്തുനിന്ന് വാങ്ങി കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് എല്ലാദിവസവും പിടിക്കപ്പെടുന്നുണ്ട്. പക്ഷേ, കിലോ കണക്കിന് കടത്തുന്ന വമ്പൻമാർ രക്ഷപ്പെടുകയാണ് പതിവ്. നൂറും ഇരുന്നൂറും ഗ്രാം കഞ്ചാവ് കമ്പത്തുനിന്ന് കേരളത്തിലെത്തിക്കുന്ന ചെറുകിട കച്ചവടക്കാരാണ് പിടിയിലാകുന്നതിൽ അധികവും.
100 കിലോ ഹഷീഷ് ഇടുക്കിയിലെത്തിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ വർഷം രഹസ്യാന്വേഷണ വിഭാഗം കേരളത്തെ അറിയിച്ചത്. കിലോയ്ക്ക് 25,000 രൂപയ്ക്ക് ആന്ധ്രയിൽ ലഭിക്കുന്ന ഹഷീഷ് ഇടുക്കിയിലെത്തിയാൽ വില 1.2 ലക്ഷമാകും. ഇത് വിദേശത്ത് എത്തിച്ചാൽ 60 മുതൽ 80 ലക്ഷം വരെ ലഭിക്കും. പണ്ടു മുതൽ തന്നെ ഇടുക്കി കഞ്ചാവിന് വിദേശത്ത് നല്ല മാർക്കറ്റാണ്. പക്ഷേ, ഇടുക്കി മലനിരകളിൽ നിന്ന് കഞ്ചാവ് അപ്രത്യക്ഷമായിട്ട് പതിനഞ്ച് വർഷത്തിലധികമായി. അങ്ങിങ്ങ് കൃഷി ഇറക്കിയിരുന്നെങ്കിലും എക്സൈസ് അധികൃതർ അത് കൈയ്യോടെ നശിപ്പിച്ച് കളയുന്നത് പതിവായതോടെ പലരും കൃഷിയിറക്കാതായി. പകരം, കഞ്ചാവ് കൃഷിക്കാർ ആന്ധ്രയിലേക്ക് ചേക്കേറുകയായിരുന്നു.
ഇടുക്കി വിട്ട്
ആന്ധ്രയിലേക്ക്
ഇടുക്കിയിൽ കഞ്ചാവ് കൃഷിചെയ്തിരുന്നവരുടെ മക്കളും കൊച്ചുമക്കളും ഇപ്പോൾ ജീവിക്കുന്നത് ആന്ധ്രയിലും ഒഡീഷയിലുമാണ്. ആന്ധ്രയിൽ മാത്രം 100 ലധികം ഇടുക്കി സ്വദേശികൾക്ക് സ്വന്തമായി കഞ്ചാവ് തോട്ടമുണ്ട്. ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് നാട്ടുകാരുടെ സഹായത്തോടെ മലയാളികൾ അവിടെ കൃഷിയിറക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാവിധ സഹായവും നൽക്കുന്നത് മാവോയിസ്റ്റുകളും നക്സലുകളുമാണ്. ആന്ധ്രയിലെ ഘോരവനത്തിനുള്ളിൽ ആന്ധ്രാപൊലീസ് തിരിഞ്ഞുനോക്കില്ല. കാരണം മാവോയിസ്റ്റുകളെ നേരിടാനുള്ള ധൈര്യം അവർക്കില്ല. ഇതോടെ കൃഷിയിറക്കുന്ന മലയാളികളും കൃഷിയും ഈ പ്രദേശത്ത് സുരക്ഷിതം. കൃഷിയിലുള്ള ലാഭത്തിൽ ചെറിയൊരു വിഹിതം മാവോയിസ്റ്റുകൾക്ക് കൊടുക്കണമെന്ന് മാത്രം.
മലയാളികൾ ആന്ധ്രയിലും ഒഡീഷയിലും കൃഷിയിറക്കുന്ന കഞ്ചാവും ഓയിലും തമിഴ്നാട്ടിലെ തേനിയിലെത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനലഭിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് ചരക്കുലോറികളിലും ട്രെയിനിലുമാണ് പ്രധാനമായും ഇത് കമ്പത്ത് എത്തിക്കുന്നത്. അവിടെനിന്ന് കേരളത്തിലെത്തിക്കുന്നത് ഊടുവഴികളിലൂടെയും. ചെക്ക് പോസ്റ്റുകളിലൂടെയും കഞ്ചാവ് കടത്തുന്നുണ്ട്. പക്ഷേ, പിടിക്കുന്നത് നൂറോ ഇരുന്നൂറോ ഗ്രാം കഞ്ചാവുമായി എത്തുന്ന ചെറുകിട കച്ചവടക്കാരെ മാത്രം.
എക്സൈസും പൊലീസും മത്സരിച്ച് കഞ്ചാവ് കടത്തുകാരെ പിടിക്കുന്നുണ്ടെങ്കിലും കടത്തുന്നതിന്റെ ഒരു ശതമാനം പോലുമില്ലെന്നാണ് അറിയുന്നത്. ഇടുക്കിയുടെ മലഞ്ചെരിവുകളിലും കാടുകളിലും ഒരു കാലത്ത് കഞ്ചാവ് കൃഷി ചെയ്തിരുന്നെങ്കിലും അന്ന് ഉല്പാദിപ്പിച്ചിരുന്ന കഞ്ചാവിന്റെ പത്തിരട്ടി ഇപ്പോൾ ഇടുക്കിയിൽ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഞ്ചാവ് കടത്തിയതിന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എക്സൈസ് മാത്രം രജിസ്റ്റർ ചെയ്തത് 450 ലധികം കേസുകളാണ്. പൊലീസും ഇത്രത്തോളം തന്നെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 500 ലധികം പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വിപണിയിലേക്ക് എത്തുകയാണ് ഇവരുടെയും പതിവ്.
കഞ്ചാവ് കടത്തുന്നതോടൊപ്പം വാറ്റി ഓയിലാക്കി കടത്തുന്ന പ്രവണതയും അടുത്തയിടെ വർദ്ധിച്ചിട്ടുണ്ട്.