rd

ചങ്ങനാശേരി : തകർന്ന് തരിപ്പണമായി ഞാലിയാകുഴി - ഉണ്ണാമറ്റം റോഡ്. ഈ അവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല. ചെറുതും വലുതുമായി നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഞാലിയകുഴി ജംഗ്ഷനിൽ നിന്ന് വാകത്താനം റോഡിലുള്ള അപകടവളവിലാണ് കുഴികളിൽ അധികവും രൂപപ്പെട്ടിരിക്കുന്നത്.

ടാറിംഗ് പൂർണ്ണമായും തകർന്ന് മിറ്റലും ചരലുകളും നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽചാടുന്നതും തെന്നിവീഴുന്നതും ഇവിടെ പതിവാണ്. കുത്തനെ ഇറക്കമുള്ള റോഡായതിനാൽ കുഴികളിൽ നിന്ന് രക്ഷനേടാൻ വാഹനങ്ങൾ വെട്ടിക്കുന്നത് സമീപത്തെ മൂടിയില്ലാത്ത ഓടയിലേയ്ക്ക് വീഴുന്നതിന് ഇടയാക്കുന്നു. മണർകാട്, പൊങ്ങന്താനം, തെങ്ങണ, ചെത്തിപ്പുഴ, വാകത്താനം എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന പ്രധാന റോഡാണിത്.

പ്രദേശത്തെ ഭൂരിഭാഗം റോഡും അറ്റകുറ്റപ്പണിചെയ്ത് കുഴികൾ നികത്തി റീടാറിംഗ് ചെയ്‌തെങ്കിലും ഉണ്ണാമറ്റം റോഡിനെ മാത്രം അധികൃതർ അവഗണിച്ചുവെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

കെ.എസ്.ആർ.ടി.സി, സ്വകാര്യ, സ്‌കൂൾ ബസുകൾ,​ ഭാരവണ്ടികൾ ഉൾപ്പടെ നിരവധി

വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഷ്‌കരമാണ്.

റോഡ് മാത്രമല്ല,​ റോഡ് അരികും അപകടം പിടിച്ചതാണ്. റോഡിന്റെ ഇരുവശങ്ങളും

കാട് മൂടിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കൾ വാസം ഉറപ്പിച്ചിരിക്കുകയാണ്. ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും മൂടിയില്ലാത്തത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. രാത്രി ആയാൽ ഇവിടം ഇരുട്ടിലമരും. വാഹനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകരുടെ ആവശ്യം.