kuttyamma

ചങ്ങനാശേരി: ''എന്റെ കണ്ണടഞ്ഞാലും ഈ വീട്ടിൽ കറണ്ട് കിട്ടുമെന്ന് തോന്നുന്നില്ല. മെഴുകുതിരി വെട്ടത്തിലാണ് ജീവിതം തള്ളിനീക്കുന്നത്...'', കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുളിമൂടിന് സമീപം താമസിക്കുന്ന കല്ലപ്പള്ളിയിൽ കുട്ടിയമ്മ എന്ന വൃദ്ധയ്ക്ക് പറയാനുള്ളത് ഇതാണ്. പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പുറംജോലിക്കാരിയായിരുന്ന പരേതയായ തങ്കമ്മ എന്ന ബന്ധുവിന് വർഷങ്ങൾക്ക് മുൻപ് പള്ളിക്കാർ പണിതുനൽകിയ ഒറ്റമുറിവീട്ടിലാണ് കുട്ടിയമ്മയും അവിവാഹിതയായ മകളും ഇപ്പോൾ താമസിക്കുന്നത്. ഈ വീടിന് കറണ്ട് ലഭിക്കുന്നതിന് വീട്ടുനമ്പർ ആവശ്യമാണെന്നറിയിച്ചതിനെതുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ വസ്തുവിന് മറ്റൊരു അവകാശികൂടിയുള്ളതുകൊണ്ട് വീട്ട്നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പഞ്ചായത്തുകാർ കയ്യൊഴിഞ്ഞു. ഒരു മാസം ആകെ ലഭിക്കുന്ന അരലിറ്റർ മണ്ണെണ്ണകൊണ്ട് വിളക്കുകത്തിക്കാൻ തികയുന്നില്ല. പിന്നെ മെഴുകുതിരി വെളിച്ചത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് കുട്ടിയമ്മ പറയുന്നു. വൈദ്യുതി ലഭിക്കാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈ നിർദ്ധനകുടുംബത്തിന് അറിയില്ല.

 ഈ കുടുംബത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കെഎസ്ഇബി അധികൃതർ തയ്യാറാകണം - സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി

--- വൈദ്യുതികരിക്കാത്ത ഒറ്റമുറി വീടിനു മുന്നിൽ കുട്ടിയമ്മയും മകളും