അടിമാലി: റീടാറിംഗ് ചെയ്ത് രണ്ട് മാസത്തിനകം റോഡ് മുമ്പത്തേക്കാൾ ദയനീയമായി തകർന്നു. മച്ചിപ്ലാവ് കുരങ്ങാട്ടി റോഡാണ് ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞ് ഗതാഗതം വീണ്ടും ദുഷ്‌കരമായത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഒന്നരമാസം മുമ്പാണ് മച്ചിപ്ലാവ് മുതൽ നെല്ലിപ്പാറ വരെയുള്ള ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് ടാർ ചെയ്തത്. എന്നാൽ ദിവസങ്ങൾക്കകം പ്രധാന വളവുകളിലെ കല്ലും മണ്ണും വെളിയിൽ വന്നു. കൃത്യമായ രീതിയിൽ ടാറിംഗ് നടത്താത്തതാണ് റോഡ് പൊളിയാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. കുഴികൾ നിറഞ്ഞ ഭാഗത്ത് കൊണ്ടിടാൻ ഇറക്കിയ മക്ക് പാതയോരത്ത് അങ്ങനെ തന്നെ കിടക്കുന്നു. നെല്ലിപ്പാറ വരെയെങ്കിലും റീടാറിംഗ് നടന്നല്ലോയെന്ന് ആശ്വസിച്ചിരിക്കെയാണ് പുതിയ ടാറിംഗും ഇളകി പാത പഴയപടിയായി തീർന്നത്. കുരങ്ങാട്ടി മുതൽ മച്ചിപ്ലാവ് വരെ റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് നാളിതുവരെ പരിഹാരമായിട്ടില്ല.