അടിമാലി: സംസ്ഥാന സർക്കാരിന്റെ പ്രളയ സെസ് വില വർദ്ധനവിന് കാരണമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ.എൻ. ദിവാകരൻ പറഞ്ഞു. കൂടാതെ ജി.എസ്.ടി സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി സംസ്ഥാനത്തെ മൂന്ന് ലക്ഷം കച്ചവടക്കാർക്ക് 5000 രൂപയും അതിൽ കൂടുതലും ചിലവാക്കേണ്ടതായി വരും. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകാൻ പോകുന്നത്. ജി.എസ്.ടി സോഫ്റ്റ്‌വെയർ കമ്പനികളെ സഹായിക്കുന്ന സമീപനമാണ് കേരള സർക്കാരിന്റേത്. പ്രളയം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പ്രളയ കെടുതിയിൽ അകപ്പെട്ട വ്യാപാരികളെ സഹായിക്കുന്ന യാതൊരു നടപടിയും സർക്കാർ കൈകൊണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരു ശതമാനം പ്രളയ സെസ് സർക്കാർ പിൻവലിക്കണമെന്നും പ്രളയക്കെടുതിയിൽപ്പെട്ട വ്യാപാരികളെ സഹായിക്കാനുള്ള പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.