aanadoni

ഉദയനാപുരം : പരിസ്ഥിതി സൗഹാർദ്ദ സന്ദേശവുമായി എത്തിയ വിദേശവനിത സ്കൂൾ കുട്ടികൾക്ക് പരിസ്ഥിതി സൗഹൃദവാഹനമായ സൈക്കിൾ സമ്മാനിച്ചു. ബൽജിയം സ്വദേശി ആനാഡോണി (45) ആണ് പരിസ്ഥിതി സംരക്ഷണത്തിന്റെയും നല്ല ആരോഗ്യശീലത്തിന്റെയും പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കുന്നതിനായി വല്ലകം സെന്റ് മേരീസ് സ്കൂളിലെ 8-ാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൈക്കിളുകൾ വിതരണം ചെയ്തത്. പരിസ്ഥിതി സന്ദർശനത്തിന്റെ ഭാഗമായി മൂന്ന് മാസം മുൻപ് സ്കൂൾ സന്ദർശിക്കുവാൻ എത്തിയ ഇവരോട് കുട്ടികൾ സ്കൂളിൽ എത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ ക്ലാസ് ടീച്ചർ വിവരിച്ചതോടെയാണ് കുട്ടികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുംവിധം വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നതിനായി സൈക്കിൾ സമ്മാനിച്ചത്. പഞ്ചാബിലെ കമ്പനിയിൽ ഓഡർ നൽകിയ സൈക്കിളുകൾ ഇന്നലെ സ്കൂളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ.സെബാസ്റ്റ്യൻ വടശ്ശേരിൽ വിതരണോദ്ഘാടനം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഡെയ്സിമോൾ, ക്ലാസ് അദ്ധ്യാപിക പ്രീത അലക്സ്, പി. ടി. എ പ്രസിഡന്റ് ജോസ് ജോൺ, അദ്ധ്യാപകരായ ജോർജ്ജ്, മനോജ്, പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ എന്നിർ പങ്കെടുത്തു. രണ്ട് ലക്ഷം രൂപ ചിലവഴിച്ച് 18 ആൺകുട്ടികൾക്കും 13 പെൺകുട്ടികൾക്കുമായി പ്രത്യേകം സൈക്കിളുകളാണ് ആനഡോണി സമ്മാനിച്ചത്. ഇനിയും വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്യുന്നതിനായി സന്നദ്ധത അറിയിച്ചാണ് അവർ മടങ്ങിയത്.