പാലാ: മാലിന്യം നിർമാർജനം ചെയ്യാൻ പാലാ നഗരസഭാധികാരികൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കവാടത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാലിന്യം നിർമാർജനം ചെയ്യാത്തതാണ്.
ഇത് ആരോഗ്യമില്ലാത്ത ഒരു തലമുറ തന്നെ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ജോർജ് കുളങ്ങര പറഞ്ഞു.

പാലാ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയും, ചീഞ്ഞു ദുർഗന്ധം വമിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാലിന്യങ്ങൾ അർദ്ധരാത്രിയുടെ മറവിൽ മീനച്ചിലാറ്റിലേക്കു തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്നും ഉപവാസ സമര നേതാക്കൾ പറഞ്ഞു.സർക്കാർ

ഫണ്ടുകൾ ഉപയോഗിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉണ്ടാക്കുവാൻ മുൻസിപ്പാലിറ്റി തയ്യാറാകാത്തത് നിർഭാഗ്യകരമാണെന്നും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഗാന്ധിജി യുടെ ഛായാ ചിത്രത്തിന് മുൻപിൽ നിലവിളക്ക് തെളിച്ചു നടത്തിയ ഉപവാസ സമരത്തിൽ ലേബർ ഇന്ത്യ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു.

ജോർജ് കുളങ്ങര(സംസ്ഥാന പ്രസിഡന്റ്), സുജിത് ശ്രീനിവാസൻ(ചെയർമാൻ), സാജു കുര്യൻ(ജനറൽ സെക്രട്ടറി), ജോസ് പുതുക്കാട് ബെന്നി മൈലാടൂർ, അബ്ദുള്ളാഖാൻ(സെക്രട്ടറി, )ഡോ. രാജു. ഡി കൃഷ്ണപുരം,ബേബി വലിയ കുന്നത്ത്,സെബി പറമുണ്ട , അഡ്വ:സന്തോഷ് മണർകാട്, ഐഷ ജഗദീഷ് എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.