കോട്ടയം: കടലിലെ ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള ആദ്യദിവസം പിടയ്ക്കുന്നപച്ചമീൻ തേടി കോടിമത മാർക്കറ്റിൽ എത്തിയ നാട്ടുകാർ കണ്ടത് വ്യാപാരികളുടെ പ്രതിഷേധവും ചേരിതിരിഞ്ഞുള്ല വാഗ്വാദങ്ങളും.
നിലവിലെ മത്സ്യമാർക്കറ്റിന് സമീപം പുതിയ കോൾഡ് സ്റ്റോറേജ് ആരംഭിക്കുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവിഭാഗങ്ങൾ തമ്മിൽ പോർവിളി തുടങ്ങിയത്. ഇന്നലെ രാവിലെ പുതിയകട ഉദ്ഘാടനത്തിന് തയ്യാറെടുക്കുമ്പോഴാണ് മാർക്കറ്റിലെ സ്ഥിരം മത്സ്യവ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് വാക്കേറ്റം സംഘർഷത്തോളമെത്തിയപ്പോൾ പൊലീസും ഇടപെട്ടു. എം.ജി. റോഡിൽ ബിവറേജസ് ഔട്ട് ലറ്റിന് സമീപമാണ് സംസ്കരിച്ച മാംസവും മത്സ്യവും വിൽക്കാൻ കോൾഡ് സ്റ്റോറേജ് തുടങ്ങിയത്. നിലവിലെ മത്സ്യമാർക്കറ്റിന് സമീപം മറ്റ് മത്സ്യവ്യാപാരകേന്ദ്രങ്ങൾക്ക് അനുമതി നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. അതിനിടെ ലൈസൻസ് ഇല്ലാതെയാണ് കോൾഡ് സ്റ്റോറേജ് തുടങ്ങുന്നതെന്നും ആക്ഷേപമുയർന്നു. ലൈസൻസ് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെപ്പോൾ കടയുടമ കൈമലർത്തി. ഇതോടെ പ്രതിഷേധക്കാരും ഉഷാറായി. ഒരുകാരണവശാലും കടതുറക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാട് സ്വീകരിച്ചു. അഥവ തുറന്നാൽ പുതിയ കടയുടെ മുമ്പിലേക്ക് മത്സ്യകുട്ടകളുമായി എത്തി നിരന്നിരുന്ന് വ്യാപാരം നടത്തുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. സംഭവം വിവാദമാകുമെന്ന ഘട്ടമെത്തിയത്തയപ്പോൾ കോർഡ് സ്റ്റോറേജിന് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന നഗരസഭയുടെ അറിയിപ്പ് ലഭിച്ചു. ഇതിനുശേഷമാണ് പ്രതിഷേധം കെട്ടടങ്ങിയത്. അങ്ങനെ വ്യാപാരികളുടെ തർക്കം തീർന്നെങ്കിലും നല്ലപച്ചമീൻ വാങ്ങാൻ അതിരാവിലെ എത്തിയ ഉപഭോക്താക്കൾ നിരാശരായാണ് മടങ്ങിയത്. ട്രോളിംഗ് നിരോധനം നീങ്ങിയതിനെത്തുടർന്നുള്ള പുതിയചരക്ക് മാർക്കറ്റിൽ എത്താൻ ഇനിയും ഒന്നുരണ്ടുദിവസങ്ങൾക്കൂടി കഴിയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ലൈസൻസ് നൽകാത്തതിൽ ഗൂഢാലോചനയെന്ന് ആക്ഷേപം
അതിനിടെ, നഗരസഭയിൽ നിന്ന് കരാർ എടുത്ത് പ്രവർത്തിച്ചിരുന്ന സ്ലോട്ടർ ഹൗസ് അടച്ചുപൂട്ടിയതും, നഗരത്തിൽ കോൾഡ് സ്റ്റോറേജുകൾക്ക് ലൈസൻസ് നൽകാത്തതും നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ഗൂഡാലോചയാണെന്നും ആക്ഷേപമുയർന്നു. മാലിന്യം സംസ്കാരിക്കാനുള്ള സംവിധാനമുൾപ്പെടെ ആധൂനിക രീതിയിൽ നിർമ്മിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പഴയ അറവുശാല അടച്ചുപൂട്ടിയതെന്നാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കോടിതമ മത്സ്യ- മാംസ മാർക്കറ്റുകൾ എല്ലാക്കാലത്തും മാലിന്യകൂമ്പാരമാണെന്നതാണ് നാട്ടുകാരുടെ അനുഭവം.