കോട്ടയം : മെഡിക്കൽ കോളേജിന് മുന്നിൽ റോഡ് കൈയേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 78 താത്കാലിക കടകൾ നീക്കം ചെയ്തത്.

റവന്യു, പൊലീസ്, പൊതുവിതരണം വകുപ്പുകളുടെയും കെ.എസ്.ഇ.ബിയുടെയും സഹകരണത്തോടെയായിരുന്നു നടപടികൾ. മെഡിക്കൽ കോളേജ് പരിസരത്ത് വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസം സൃഷ്ടിക്കുന്ന രീതിയിൽ റോഡ് കൈയേറിയുള്ള കച്ചവടം വ്യാപകമാണെന്നും വൃത്തിഹീനമായ ഭക്ഷണശാലകളാണ് പ്രവർത്തിക്കുന്നതെന്നും വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. കടകളിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗാർഹിക ആവശ്യത്തിനുള്ള രണ്ട് പാചകവാതക സിലിൻഡറുകൾ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കച്ചവടക്കാരെ ഒഴിപ്പിച്ച സ്ഥലത്ത് ദേശീയപാത സംരക്ഷണ നിയമപ്രകാരം കൈയേറ്റം നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ ഉടൻ സ്ഥാപിക്കും.