കോട്ടയം : ജില്ലയിൽ എല്ലാ നവജാത ശിശുക്കൾക്കും ആദ്യ ഒരു മണിക്കൂറിനുള്ളിൽതന്നെ അമ്മിഞ്ഞപ്പാൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ബോധവത്കരണം നടത്തും. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യമണിക്കൂറിൽ ലഭിക്കുന്ന മുലപ്പാലിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രം ശരീരത്തിലെത്തുന്നത് കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. സംസ്ഥാനത്ത് 64 ശതമാനം കുട്ടികൾക്കു മാത്രമാണ് ഈ ഘട്ടത്തിൽ മുലപ്പാൽ ലഭിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജില്ലയിൽ പ്രസവം നടക്കുന്ന 46 സ്വകാര്യ ആശുപത്രികളിലും 6 സർക്കാർ ആശുപത്രികളിലും ബോധവത്കരണവും നഴ്‌സുമാർക്കുള്ള ശില്പശാലയും മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ന് നടക്കും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ വാരാചരണവും ശില്പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.

കളക്ടർ പി.കെ. സുധീർ ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ.വി. ആശാമോൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വനിതാ ശിശുവികസന ഓഫീസർ പി.എൻ. ശ്രീദേവി, കേരള അസോസിയേഷൻ ഒഫ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഷേബ ജേക്കബ്, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് ജില്ലാ പ്രസിഡന്റ് ഡോ. തോമസ് വർഗീസ്, മഹാത്മഗാന്ധി സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ പ്രൊഫ.എം.ജെ. മാത്യു, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ആർ.പി.രഞ്ജിൻ തുടങ്ങിയവർ സംസാരിക്കും. കോട്ടയം ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.കെ.എസ് മുരാരി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ശില്പ തോമസ് എന്നിവർ നേതൃത്വം നൽകും.

ബോധവത്കരണം നടത്തുന്നത്

46 സ്വകാര്യ ആശുപത്രി

6 സർക്കാർ ആശുപത്രി

ആദ്യമണിക്കൂറിൽ ലഭിക്കുന്ന മുലപ്പാലിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രം ശരീരത്തിലെത്തുന്നത് കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ഡോ. ജേക്കബ് വർഗീസ് , ജില്ലാ മെഡിക്കൽ ഓഫീസർ