പാലാ: പാലായിലെ പൊലീസ് സാറന്മാരെ ..... പ്ലീസ്, .....നിങ്ങൾ ദിവസത്തിൽ ഒരു നേരമെങ്കിലും പാലാ ടൗൺ ബസ് സ്റ്റാൻഡിലേക്ക് ഒന്നു വരാമോ? പട്ടാപ്പകൽ മദ്യപാനികളെക്കൊണ്ടും മറ്റു സാമൂഹ്യ വിരുദ്ധരെക്കൊണ്ടും ഞങ്ങൾ മടുത്തിരിക്കുകയാണ്.... ഇനിയും നിങ്ങൾ വരാൻ തയ്യാറാകുന്നില്ലെങ്കിൽ അറ്റകൈയ്ക്ക് വീഡിയോയും ഫോട്ടോയും ഉൾപ്പെടെയുള്ള തെളിവ് സഹിതം ഞങ്ങൾ ഡി.ജി.പി സാറിനെ സമീപിക്കും .....
ടൗൺ ബസ് സ്റ്റാൻഡിലെത്തുന്ന ആയിരക്കണക്കായ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടേയും വ്യാപാരികളുടേയും പരിദേവനമാണിത്.

ഇന്നലെ പാലാ സ്റ്റാൻഡിൽ സംഭവിച്ച ഒരു സംഭവം ഇങ്ങനെ: മദ്യപിച്ച് മദോന്മത്തരായി നാൽവർ സംഘം ഉച്ചതിരിഞ്ഞ് 2 മണിയോടെ സ്റ്റാൻഡിലെത്തുന്നു. ഒന്നും രണ്ടും പറഞ്ഞ് മുറുകി ഒടുവിൽ പരസ്പരം തെറി വിളിയായി. സ്റ്റാൻഡിലെ മൈക്ക് അനൗൺസ്‌മെന്റ് പോയിന്റിനോടു ചേർന്ന വെയിറ്റിംഗ് ഷെഡിലായിരുന്നൂ ഈ പോർ വിളി. അര മണിക്കൂറോളം അസഭ്യവർഷവുമായി തുടർന്ന സംഘത്തിലെ രണ്ടു പേർ പിന്നീട് എവിടേയ്‌ക്കോ പോയി. ബാക്കി രണ്ടു പേർ തമ്മിൽ തുടർന്ന തർക്കവും തെറി വിളിയും കയ്യാങ്കളിയിലെത്തി. രണ്ടു പേരും ഉഗ്രൻ അടി. ഒരാൾ മറ്റേയാളെ നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവിൽ രണ്ടു പേരും സ്റ്റാൻഡിൽ കിടന്നു കൊണ്ട് ചവിട്ടും തൊഴിയുമായി. ഇതിനിടെ ഒരാൾ മറ്റേയാളുടെ മൂക്ക് കടിച്ചു പറിച്ചു. ചോര ചീറ്റി. സ്ത്രീകൾ സ്റ്റാൻഡിൽ നിന്നും സ്ഥലം വിട്ടു. സ്റ്റാൻഡിലെ ചില വ്യാപാരികൾ പല തവണ പാലാ പൊലീസിൽ വിളിച്ചു വിവരം പറഞ്ഞു. 5 മിനിട്ടു കൊണ്ട് എത്താവുന്ന സ്ഥലത്ത് 3 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് എത്തിയില്ല ! ദോഷം പറയരുതല്ലോ, അടിയുടെ കലാശക്കൊട്ടെല്ലാം കഴിഞ്ഞ് ഒരുവൻ കിടന്നു വിശ്രമിക്കവേ പൊലീസ് സ്ഥലത്തെത്തി, അയാളെ ഓടിച്ചു. സാമൂഹ്യവിരുദ്ധ ശല്യം പാലായിൽ വർദ്ധിച്ചിട്ടും വിളിച്ചാൽ പൊലീസ് സമയത്ത് എത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. പൊലീസ് അനാസ്ഥ തുടരുന്നതിനാൽ, ബസ് സ്റ്റാൻഡിലെ സാമൂഹ്യ വിരുദ്ധരെ അടിച്ചമർത്താൻ ചില സംഘടനകളും നീക്കമിടുന്നുണ്ട്.

 മൂന്നാഴ്ച മുമ്പ് സംഭവിച്ചത്

മൂന്നാഴ്ച മുമ്പ് സ്റ്റാൻഡ് അടക്കിവാണ ഒരു മദ്യപൻ സ്റ്റാൻഡിൽ നീണ്ടു നിവർന്നു കിടന്നു. അന്നും പൊലീസ് എത്താൻ വൈകി. ഒടുവിൽ വന്നപ്പോൾ പൊലീസിനേയും മുഖ്യമന്ത്രിയേയും വരെ ഇയാൾ തെറി വിളിച്ചു. അന്ന് പൊലീസ് പിടികൂടി കൊണ്ടുപോയെങ്കിലും പിറ്റേന്നും കൃത്യമായി ഇയാൾ സ്റ്റാൻഡിലെത്തി പ്രകടനം തുടർന്നു.
'ഞാൻ താൻ മായാവി ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നൂ ഇയാളുടെ അതിക്രമം. തന്നെ കുറിച്ച് പത്രവാർത്ത വരാൻ കാരണക്കാരനായി എന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്റ്റാൻഡിലെ ഒരു വ്യാപാരിയെയും ഇയാൾ ചീത്ത വിളിക്കുന്നുണ്ടായിരുന്നു.

 ബസ് സ്റ്റാൻഡിലെ സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടി കർശന നിയമ നടപടി സ്വീകരിക്കണം. പൊലീസ് ഇക്കാര്യത്തിൽ പിന്നാക്കം പോകാൻ പാടില്ല. വിവരം കോട്ടയം എസ്.പിയേയും പാലാ ഡിവൈ. എസ്. പിയേയും അറിയിക്കുന്നുണ്ട്

--

ബിജി ജോജോ
പാലാ നഗരസഭാ ചെയർപേഴ്‌സൺ