കോട്ടയം: നിറുത്തിയിട്ട കാറിന് പിന്നിൽ മന:പൂർവം ഇടിപ്പിച്ച സ്വകാര്യ ബസുകൾക്കും ജീവനക്കാർക്കും എതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. കോട്ടയം- എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണി, കോട്ടയം - പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു എന്നീ സ്വകാര്യ ബസുകൾക്കെതിരായാണ് നടപടി. കഴിഞ്ഞ 25 ന് കോട്ടയം ബസേലിയസ് കോളേജിന് സമീപത്തെ ട്രാഫിക് പോയിന്റിൽ സിഗ്നൽ കാത്ത് നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന് പിന്നിലാണ് ബസുകൾ ഇടിപ്പിച്ചത്. കാർ ഉടമ ബസുകളുടെ ചിത്രം സഹിതം മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയിരുന്നു. തുടർന്ന് രണ്ടുബസും മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തു. സോണി ബസിന് 6700 രൂപയും സിന്ധുവിന് 6000 രൂപയും ഈടാക്കിയതിന് പുറമെ, ഇരു ബസിലെയും ഡ്രൈവർമാരായ മല്ലപ്പള്ളി സ്വദേശി മുഹമ്മദ് നഫീസ്, എം.എൻ. സരീഷ് കുമാർ, സോണിയിലെ കണ്ടക്ടർ ടി.ജെ.ഗോപി എന്നിവരുടെ ലൈസൻസും റദ്ദുചെയ്തിട്ടുണ്ട്.