വൈക്കം : വൈക്കത്തുകാരുടെ സിനിമാ തിയേറ്റർ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ 12 കോടി രൂപ ചെലവിൽ ആധുനിക സംവിധാനത്തോടെ തിയേറ്റർ നിർമ്മിക്കുന്നതിന് നടപപടികൾ പൂർത്തിയായി. ഒൻപതാം വാർഡിൽ നഗരസഭയുടെ വക കിളിയാട്ടുനടയിൽ 60 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയിൽ കെ.എസ്.എഫ്.ഡി.സിക്ക് കൈമാറാനും തീരുമാനമായി. സർക്കാർ നടപടികൾ പൂർത്തിയായാൽ നിർമ്മാണം ഉടനെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുണിന്റെ നിർദ്ദേശപ്രകാരം കെ.എസ്.എഫ്.ഡി.സി സൈറ്റ് എൻജനിയർ എസ്.അനിൽകുമാറും, പി.ആർ.ഒ സുൽഫിക്കറും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്ഥലപരിശോധന നടത്തി സ്വീകാര്യത ഉറപ്പാക്കി. സി.കെ.ആശ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.ശശിധരൻ, കൗൺസിലർമാരായ എൻ.അനിൽ ബിശ്വാസ്, എസ്. ഹരിദാസൻ നായർ, ബിജു വി. കണ്ണേഴൻ, രോഹിണിക്കുട്ടി അയ്യപ്പൻ, നിർമ്മലാ ഗോപി, അംബരീഷ് ജി. വാസു, കെ. ആർ. സംഗീത, നഗരസഭാ സെക്രട്ടറി ഒ. വി. മായ, എൻജിനീയർ ആർ ഉഷ എന്നിവരും പങ്കെടുത്തു.
200 സീറ്റുകൾ, ത്രീഡി
ഫോർ കെ പ്രൊജക്ടർ സംവിധാനം, ത്രീ ഡി, ലക്ഷ്വറി സീറ്റുകൾ എന്നീ സംവിധാനത്തോടെ 200 സീറ്റുകൾ വീതമുള്ള രണ്ട് സിനിമാ തിയേറ്റർ ആണ് നിർമ്മിക്കുന്നത്. കിളിയാട്ടുനടയിൽ ഫയർ സ്റ്റേഷന്റെ സമീപത്താണ് തിയേറ്റർ നിർമ്മിക്കുക. യാത്രാ സൗകര്യവും സ്ഥലത്തിന്റെ വിശാലതയും മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈക്കത്തെ കായലോര ബീച്ചിൽ 40 സെന്റ് സ്ഥലത്ത് തിയേറ്റർ നിർമ്മിക്കാൻ നേരത്തെ നടപടികൾ സ്വീകരിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങൾ തടസമായി.