തലയോലപ്പറമ്പ്: കെ. എസ്. ആർ. ടി. സി. ബസും പെട്ടിഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഉദയനാപുരം നാനാടം സ്വദേശി ഇബ്രാഹിം (60) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെ ചെമ്പ് കൊച്ചങ്ങാടിയിലാണ് അപകടം. നാനാടത്തുനിന്നും അടയ്ക്കയും കയറ്റി മുളംതുരുത്തിയിലേക്ക് പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ വൈക്കത്ത് നിന്നും എറണാകുളത്തേ പോയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് ഓട്ടോ റോഡരികിലെ മതിലിൽ ഇടിച്ച് തകർന്നു. സാരമായി പരിക്കേറ്റ ഡ്രൈവർ ഇബ്രാഹിമിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജി കുമാറിന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തി വാഹനംമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് വൈക്കം പൂത്തോട്ട റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വൈക്കം പൊലീസും സ്ഥലത്തെത്തിയിരുന്നു.