ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള നെടുനാളത്തെ കാത്തിരിപ്പിന് വിരാമമായി. അമര കുടിവെള്ള പദ്ധതിയുടെയും വാട്ടർ ടാങ്കിന്റെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചതോടെയാണ് കാത്തിരിപ്പ് സഫലമായത്. അമരപുരം, ചെന്പുംപുറം, കോട്ടമുറി എന്നീ പ്രദേശങ്ങളുൾപ്പടെ അഞ്ച് വാർഡുകളിലായി ആയിരത്തോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ചങ്ങനാശേരി നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും കുടിവെള്ളമെത്തിക്കുന്ന തിരുവല്ലയിലെ കല്ലിശേരി, കറ്റോടു പദ്ധതിയിൽ നിന്ന് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന് സമീപമുള്ള ടാങ്കിലെത്തുന്ന ജലം ഇവിടെ നിന്ന് പന്പ് ചെയ്ത് അമരയിലെ ടാങ്കിലെത്തിക്കുന്നതായിരുന്നു

ആദ്യത്തെ പദ്ധതി. എന്നാൽ സ്ഥലത്തിന്റെ ഉയരക്കൂടുതലും പൈപ്പ് ലൈനുകളുടെ കാര്യക്ഷമതയില്ലായ്മയും കാരണം പന്പ് ചെയ്യുന്ന ശുദ്ധജലം അതേ അളവിൽ ലഭിക്കാതെ വന്നു. ഇതോടെ അമരപുരം കുടിവെള്ള പദ്ധതി പ്രയോജനപ്രദമല്ലാതായി. ഇതോടെ ഇതിനായി പണിത വാട്ടർ ടാങ്ക് ഉപയോഗശൂന്യമാകുകയും അപകടനിലയിലാകുകയും ചെയ്തു.

ഏത് നിമിഷവും നിലംപൊത്താവുന്ന വാട്ടർ ടാങ്ക് പൊളിച്ചു നീക്കണമെന്നും പുതിയത് നിർമിച്ച് കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എം.പി,എം.എൽ.എ,തൃക്കൊടിത്താനം പഞ്ചായത്ത്‌ പ്രസിഡന്റ് തുടങ്ങിയ ജനപ്രനിധികൾക്കും അധികൃതർക്കും നാട്ടുകാർ നിവേദനം നൽകി.

എന്നാൽ, കോടിക്കണക്കിന് തുക ചെലവ് വരുന്ന പദ്ധതി ഏറ്റെടുക്കാൻ വട്ടർതോറിട്ടി തയാറായില്ല.

തുടർന്ന് വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് അതോറിട്ടിയിൽ ഗഡുക്കളായി രണ്ടു കോടി രൂപ അമരപുരം കുടിവെള്ള പദ്ധതിക്കായി അടച്ചതോടെയാണ് പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചത്.

രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവിടെ വെള്ളം എത്തിക്കുന്നതിനായി 68 ലക്ഷം രൂപ മുടക്കി പഞ്ചായത്താഫീസിന് സമീപത്തു നിന്ന് അമരയിലേക്ക് പബിംഗ് പൈപ്പ് ലൈനും സ്ഥാപിച്ചു കഴിഞ്ഞു. തകർന്ന് വീഴാറായ വാട്ടർ ടാങ്ക് പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കാൻ അമര പി.ആർ.ഡി.എസ് സഭ ആറ് സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടു നല്കിയതോടെയാണ് നാട്ടുകാരുടെ ദീർഘകാലത്തെ കുടിവെള്ള സ്വപ്നം പൂവണിഞ്ഞത്.