കോട്ടയം: ജനറൽ ആശുപത്രിയിലെ വാർഡുകളിൽ രാത്രി പത്തുമണികഴിഞ്ഞാൽ വെള്ളമില്ല. കിടപ്പു രോഗികളുടെ വാർഡിലാണ് ഈ ദുരവസ്ഥ. രാത്രി പത്തു കഴിഞ്ഞാൽ വാർഡിലെ ശൗചാലയത്തിൽ വെള്ളം കിട്ടണമെങ്കിൽ പുലർച്ചെ 5.30 വരെ കാത്തിരിക്കണം. രാത്രിയിൽ വെള്ളമില്ലാത്തതിനാൽ ശൗചാലയത്തിൽ നിന്ന് രൂക്ഷ ഗന്ധമാണ് ഉയരുന്നത്. പാവപ്പെട്ട സാധാരണക്കാരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്. രോഗികളും രാത്രി ബക്കറ്റുകളിൽ വെള്ളം ശേഖരിച്ചു വയ്ക്കേണ്ട ഗതികേടിലാണ്.
ഇത് വെള്ളമില്ലാത്ത അവസ്ഥ. വെള്ളമുള്ളപ്പോഴുള്ള അവസ്ഥ മറ്റൊന്നാണ്. വാർഡുകളിലെ ഭൂരിഭാഗം ടാപ്പുകളും ചോർന്നൊലിക്കുകയാണ്. ലിറ്ററുകണക്കിന് വെള്ളമാണ് ഇതിലൂടെ പാഴാകുന്നത്. ശൗചാലയത്തിന്റെ പരിസരവും വൃത്തിഹീനമാണ്. ശുചീകരണ ജീവനക്കാർ ഉണ്ടെങ്കിലും വ്യത്തിയാക്കൽ പേരിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഇവിടെ കിടപ്പു രോഗികളായിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവശ്യമായ വെള്ളം മുഴുവൻ സമയവും ലഭ്യമാക്കുണമെന്നതാണ് അവരുടെ ആവശ്യം.