toilet

ചങ്ങനാശേരി : നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടോയ്‌ലെറ്റ് കാടുമൂടിയതോടെ ശങ്ക തീർക്കാൻ ജനത്തിന് കാടുകയറേണ്ട സ്ഥിതി. ട്രാൻ.സ്റ്റാൻഡിന് സമീപം നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമാകേണ്ട ടോയ്‌ലെറ്റാണ് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ കിടക്കുന്നത്. ആധുനിക നിലവാരത്തിലാണ് ടോയ്‌ലെറ്റ് നിർമ്മിച്ചതെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും വിസർജ്യ വസ്തുക്കൾ റോഡിലേക്കാണ് ഒഴുകുന്നത്. വ്യാപാരികളും നാട്ടുകാരും പ്രതിഷേധം ഉയർത്തിയതോടെ താത്ക്കാലിക സംവിധാനമൊരുക്കി വിസർജ്യമാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഓടകളിലേക്ക് ഒഴുക്കി രക്ഷപ്പെടുകയാണ് നടത്തിപ്പുകാർ.
ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവ ടോയ്‌ലെറ്റിനു സമീപമുള്ളത് ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയർത്തുന്നത്. നടത്തിപ്പ് കരാർ 15 വർഷത്തേക്കായിരുന്നു നൽകിയിരുന്നത്. കാലാവധി അവസാനിച്ചതോടെ ഡിപ്പോ അധികൃതർ മറ്റ് ചിലർക്ക് താത്കാലികമായി നടത്തിപ്പ് ചുമതല നൽകി. നാലുമാസം മുമ്പ് പുതിയ ഡിപ്പോ കെട്ടിടത്തിന്റെ ഡിസൈനിംഗിന് അംഗീകാരം ലഭിച്ചതായി സി.എഫ്. തോമസ് എം.എൽ.എ പറഞ്ഞു. പുതിയ കെട്ടിടം യാഥാർത്ഥ്യമായാൽ ടോയ്‌ലെറ്റ് അവിടേക്ക് മാറ്റാനാണ് ആലോചന.