തലയോലപ്പറമ്പ് : മൂടി ഇല്ലാത്ത ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. ചെമ്പ് പഞ്ചായത്തിലെ ഏനാദി മുക്കത്ത് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗിക്കുന്ന ശുചിമുറിയുടെ സെപ്റ്റിക് ടാങ്കാണ് മൂന്ന് വർഷത്തോളമായി മൂടി ഇല്ലാതെ തുറന്ന് കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമീപവാസികൾ ബ്രഹ്മമംഗലം ഹെൽത്ത് സെന്റർ, ചെമ്പ് പഞ്ചായത്ത്, കോട്ടയം ഡി.എം.ഒ, വൈക്കം എം.എൽ.എ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മഴക്കാല രോഗം, പകർച്ചവ്യാധി തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള മാർഗം അവലംബിച്ച നോട്ടിസ് വിതരണം ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ നേരിട്ട് സംഭവം കാണിച്ചു കൊടുത്തിട്ടും നടപടി ഉണ്ടായില്ല. പ്രതിഷേധം ശക്തമായതോടെ കുഴിയുടെ മുകളിൽ തടിക്കഷ്ണം ഇട്ട് അതിന് മുകളിൽ പേരിന് ഷീറ്റിട്ട് മൂടി എങ്കിലും ദുർഗന്ധം മൂലം ഇപ്പോഴും സമീപ വീടുകളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനിടയിൽ പ്രദേശവാസികളായ രണ്ട് പേർക്ക് ഡെങ്കിപ്പനി ഉൾപ്പെടെ അസുഖവും പിടിപ്പെട്ടിരുന്നു. അതേ സമയം ശുചിമുറിയുടെ ടാങ്ക് മൂടണമെന്ന് വീട്ടുകാരോട് പല തവണ ആവശ്യപ്പെട്ടിട്ടും അവർ അതിന് തയാറായില്ലെന്നും ടാങ്ക് മൂടാൻ ആവശ്യമായ നിയമ നടപടി ഉടൻ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതർ പറഞ്ഞു.