വൈക്കം: മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും ആഘോഷം 7ന് രാവിലെ 5.45 നും 6.15നും ഇടയിൽ നടക്കും. നിറ പുത്തരിക്ക് ആവശ്യമായ കതിർക്കുലകൾ ഇത്തവണ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ക്ഷേത്രത്തിലെത്തിച്ച കതിർകറ്റകൾ നിറ പുത്തരി ചടങ്ങിന് ഉപയോഗിക്കുന്ന ആലില, മാവില, ഇല്ലി തുടങ്ങിയവ ചേർത്ത് ഒരുക്കുന്ന പ്രവർത്തികൾ വൈക്കം സേവാഭാരതിയിലെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്നുവരുന്നു. 20 ഓളം പേർ നാല് ദിവസം കൊണ്ട് ആവശ്യമായ കറ്റകൾ തയ്യാറാക്കും. നിറയും പുത്തരിയും ദിവസം രാവിലെ വ്യാഘ്രപാദ സങ്കേതത്തിൽ നടക്കുന്ന പൂജകൾക്ക് ശേഷം മേൽശാന്തി കതിർകറ്റകൾ ശിരസിലേറ്റി ഇടതു കൈയിലുള്ള ഓടു മണി കിലുക്കി അനുഷ്ഠാനവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി മണ്ഡപത്തിലെത്തിക്കും. തുടർന്ന് വിശേഷാൽ പൂജകൾ നടത്തി കതിർ കുലകൾ വൈക്കത്തപ്പനും ഉപദേവതമാർക്കും സമർപ്പിക്കും. ഇതിനു ശേഷം പൂജ ചെയ്ത കതിർകറ്റകൾ ഭക്തർക്ക് പ്രസാദമായി നല്കും. വൈക്കത്തപ്പന് പുന്നെല്ലുകൊണ്ടുള്ള നിവേദ്യവും ഉണ്ടാവും.
കാർഷികാഭിവൃദ്ധിക്കായി കർക്കിടക മാസത്തിലെ കറുത്ത വാവിന് ശേഷം നടത്തുന്ന ആചാരമാണ് നിറയും പുത്തരിയും. ഐശ്വര്യ പൂർണ്ണമായ കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കുടിയാണിത്.