കോട്ടയം: കേരള കോൺഗ്രസ് മുഖപത്രമായ 'പ്രതിച്ഛായ'യിൽ പി.ജെ .ജോസഫിനെയും ഒപ്പം നിൽക്കുന്നവരെയും പരിഹസിച്ച് വീണ്ടും വന്ന ലേഖനത്തെ ചൊല്ലി ജോസഫ് -ജോസ് പോര് മുറുകി.

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ബാർകോഴ ആരോപണത്തിന്റെ പേരിൽ നിരന്തരം അധിക്ഷേപിക്കുന്ന പ്രതിച്ഛായ മഞ്ഞപത്രമാണെന്നും ആയുഷ്ക്കാല വരിക്കാരായി ചേർത്തവർക്കു പോലും കോപ്പി അയച്ചു കൊടുക്കുന്നില്ലെന്നും രാഷ്ടീയ പ്രതിയോഗികളെ ബ്ലാക്ക് മെയിൽ ചെയ്തു നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും പത്രത്തിന്റെ പേരിൽ പിരിച്ചെടുത്ത കോടികൾ തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ വിവാദം വിഴുപ്പലക്കലായി മാറി.

ഒരു ഗ്രൂപ്പിന്റെ വക്താവായി എന്നും നിന്നിട്ടുള്ള ജോസഫ് മാണിയോട് നന്ദികേടേ കാട്ടിയിട്ടുള്ളൂ , ജോസഫിനൊപ്പം പോയ സി.എഫ്.തോമസും മറ്റും നന്ദികേടിന്റെ പുതിയ പര്യായമാണ് എന്നൊക്കെ കുറ്റപ്പെടുത്തുന്ന 'കേരളകോൺഗ്രസ് ലയനം, നേട്ടം ജോസഫിനും നഷ്ടം മാണിക്കു'മെന്ന പ്രതിച്ഛായ ലേഖനത്തിൽ

' ജോസഫ് ലീഡറായിരിക്കുമ്പോൾ പാർട്ടിയുടെ പ്രധാന അജണ്ട പശുവളർത്തലും കൃഷിയുമാണെന്ന് പരിഹസിക്കുന്നു. 'പിളർപ്പുകളല്ല ലയനങ്ങളാണ് പാർട്ടിയെ തളർത്തിയത്. ഈ പിളർപ്പുകളുടെയെല്ലാം ഉത്തരവാദി ജോസഫെ"ന്നും കുറ്റപ്പെടുത്തുന്നുണ്ട്.

ജോസഫ് എല്ലാ കാലത്തും ഒരു ഗ്രൂപ്പിന്റെ ആൾ ആയിരുന്നു. പാർട്ടി വളർത്താൻ നോക്കിയിട്ടില്ല . ജോസഫുമായുള്ള ലയനം മാണിഗ്രൂപ്പിൽ പലർക്കും സ്ഥാന നഷ്ടമുണ്ടാക്കി. 20 കൊല്ലം ഇടതുമുന്നണിയിൽ നിന്ന് എം.എൽ.എയും മന്ത്രിയുമായ ജോസഫ് 2010ൽ എൽ.ഡി.എഫ് വിടാനും കേരളകോൺഗ്രസിൽ ലയിച്ച് യു.ഡി.എഫിൽ എത്താനും കാരണമെന്തെന്ന് ഇന്നും വ്യക്തമാക്കിയിട്ടില്ല . കെ.എം.മാണിയെ കുടുക്കാൻ കൊണ്ടുവന്ന ബാർകോഴ ആരോപണകാലത്ത് മാണിക്കൊപ്പം മറ്റു മന്ത്രിമാർ രാജിവയ്ക്കണമെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്യാടനും രാജിവയ്ക്കാതെ നന്ദികേട് കാട്ടി. കൂടെ നിന്നിട്ട് ചതിപ്രയോഗം നടത്തി അവസരം കിട്ടിയപ്പോഴെല്ലാം മാണിയെ തകർത്ത പാരമ്പര്യമാണ് ജോസഫിനുള്ളതെന്നും ചൂണ്ടിക്കാട്ടുന്ന വിവാദലേഖനത്തിനെതിരെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പൻ വാർത്താ സമ്മേളനം നടത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

യഥാർത്ഥ കർഷക നേതാവായതിനാലാണ് കേരളകോൺഗ്രസ് യോഗങ്ങളിൽ ക്ഷീരവികസനത്തെക്കുറിച്ചും കാർഷിക പുരോഗതിയെക്കുറിച്ചും ജോസഫ് പ്രസംഗിക്കുന്നത്. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും രാഷ്ടീയ കുതികാൽ വെട്ടാമെന്നുമാണ് ജോസ് വിഭാഗം യോഗങ്ങളിലെ പ്രധാന ചർച്ച. ജോസഫിനെ പരിഹസിച്ച് ലേഖനമെഴുതിയ വയനാട്ടിലെ കൈയേറ്റക്കാരൻ ജോസ് വിഭാഗം നേതാവ് കെ.ജെ.ദേവസ്യയെ യു.ഡി.എഫിൽ നിന്ന് പുറത്താക്കണം.

(കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.)

പ്രതിച്ഛായയിലെ ആരോപണങ്ങൾ

 പി. ജെ. ജോസഫ് ഒരു ഗ്രൂപ്പിന്റെ ആളായിരുന്നു

 പശു വളർത്തിയതല്ലാതെ പാർട്ടി വളർത്തിയില്ല

 ലയനം മാണിഗ്രൂപ്പിൽ സ്ഥാനനഷ്ടങ്ങളുണ്ടാക്കി

 ബാർകോഴയിൽ രാജിവയ്ക്കാതെ നന്ദികേട് കാട്ടി

 അവസരംകിട്ടിയപ്പോഴെല്ലാം മാണിയെ തകർത്തു