കോട്ടയം: ഫോണിൽ ഭക്ഷണം ഓർഡർ ചെയ്‌ത് പണം തട്ടിയെടുത്ത സംഘത്തിലെ പ്രധാനി തൃശൂരിൽ പിടിയിലായതോടെ ജില്ലയിലെ ഹോട്ടലുകളും ആശ്വാസത്തിൽ. ജില്ലയിൽ ഒരു ഹോട്ടലിൽ നിന്ന് 25,000 രൂപ തട്ടിയെടുക്കുകയും, മറ്റ് ഏഴ് ഹോട്ടലുകളിൽ തട്ടിപ്പിനു ശ്രമിക്കുകയും ചെയ്‌തതിനു പിന്നിലും ഇയാൾ തന്നെയാണ്. എന്നാൽ, ജില്ലയിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യാത്തിനാൽ പ്രതിയെ കൊണ്ടുവന്ന് അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് പൊലീസ്. മധുര ബിഷംഭര സ്വദേശി ദിൽബാഗിനെ (23)യാണ് തൃശൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയത്.
കഴിഞ്ഞ മാസം ആദ്യമാണ് ഏറ്റുമാനൂരിലെ ഒരു ഹോട്ടൽ ഉടമയെ ഫോണിൽ വിളിച്ച് പട്ടാളക്യാമ്പിലേയ്‌ക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഭക്ഷണം തയ്യാറാക്കി നഗരത്തിൽ എത്തിയെങ്കിലും ക്യാമ്പ് കണ്ടെത്തിയില്ല. അതിനാൽ ബുക്ക് ചെയ്‌ത നമ്പരിൽ ബന്ധപ്പെട്ടു. തുടർന്ന് വിളിച്ചയാൾക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാവുകയായിരുന്നു. മറ്റ് ഏഴു ഹോട്ടലുകാരെയും സമാന രീതിയിൽ തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്നു. എന്നാൽ, മുന്നറിയിപ്പ് ലഭിച്ച ഇവർ കെണിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. ഏറ്റുമാനൂരിലെ ഹോട്ടൽ ഉടമ കേസ് രജിസ്റ്റർ ചെയ്യേണ്ടെന്ന നിലപാടെടുത്തതിനാലാണ് പ്രതിയെ ജില്ലയിൽ എത്തിച്ചുള്ള അന്വേഷണത്തിന് പൊലീസിനു സാധിക്കാതെ വരുന്നത്.
തട്ടിപ്പിന്റെ വഴി
അസോസിയേഷന്റെ ഇടപെടൽ
ജില്ലയിൽ കൂടുതൽ തട്ടിപ്പ് തടയാൻ സാധിച്ചത് ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷന്റെ ഇടപെടലിനെ തുടർന്ന്. തൃശൂരിൽ ആദ്യം തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തപ്പോൾ തന്നെ ജില്ലയിലെ ഹോട്ടലുകാരുടെ ഗ്രൂപ്പിൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകുകയാണുണ്ടായത്.