കോട്ടയം : കുറഞ്ഞ പലിശമാത്രമുള്ള കാർഷിക വായ്പാ പദ്ധതി കേന്ദ്ര സർക്കാർ നിറുത്തലാക്കുന്നത് കോടിക്കണക്കിന് കർഷകരോടുള്ള വെല്ലുവിളിയാണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വായ്പ കൈപ്പറ്റുന്നത് കർഷകരല്ലന്ന പരാതിയുണ്ടങ്കിൽ അത് അനർഹർക്ക് ലഭിക്കുന്നില്ല എന്നുറപ്പു വരുത്തുവാനുള്ള ക്രമീകരണം കൊണ്ടുവരണം. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ 19, 20,21,22 തീയതികളിൽ ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കുറ്റവിചാരണ സായാഹ്ന സദസ് നടത്താൻ യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഒൻപത് നിയോജക മണ്ഡലങ്ങളിലും നേതൃ യോഗങ്ങൾ ചേരും. യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.സി.ജോസഫ്, മോൻസ് ജോസഫ് , യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ജോയി എബ്രഹാം, കെ എച്ച് എം ഇസ്മയിൽ, ജോബ് മൈക്കിൾ, സജി മഞ്ഞക്കടമ്പൻ, പി.എ സലീം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.