അടിമാലി: മാങ്കുളം- അടിമാലി റൂട്ടിൽ സമാന്തര സർവീസ് ഏറിവരുന്നതായി സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി. ആനക്കുളത്ത് നിന്ന് സർവീസ് നടത്തുന്ന ജീപ്പുകൾ മാങ്കുളം മുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നു. കുരിശുപാറ, കല്ലാർ മേഖലകളിൽ നിന്ന് ആട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നതായും സ്വകാര്യ ബസുകാർക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മാങ്കുളത്ത് നിന്ന് അടിമാലിക്ക് ആളുകളെ കയറ്റി വരികയായിരുന്ന ആട്ടോറിക്ഷ ബസ് ജീവനക്കാർ തടയുകയും അടിമാലി ആർ.ടി ഓഫീസിൽ പരാതി നൽകുകയും ചെയ്തു.

അര ഡസനോളം സ്വകാര്യ ബസുകളാണ് മാങ്കുളത്തു നിന്ന് അടിമാലിക്ക് സർവീസ് നടത്തുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പുറമെ സമാന്തര സർവീസ് കൂടിയായാൽ ബസുകൾ സർവീസ് നിറുത്താൻ നിർബന്ധിതരാകുമെന്ന് ജീവനക്കാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചിലവാക്കേണ്ടി വരുന്നുണ്ട്. യാത്രക്കാർ കൂടി ഇല്ലാതായാൽ സർവീസുകൾ നഷ്ടത്തിലാകും. സമാന പരാതി ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കുമുണ്ട്. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ ഇടപെടൽ വേണമെന്നും വാഹന പരിശോധനയിലൂടെ സമാന്തര സർവീസുകൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബസ് ജീവനക്കാരുടെ ആവശ്യം.