സെപ്തംബർ ഒന്നു മുതൽ കോട്ടയം ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ തീരുമാനിച്ചതായുള്ള കളക്ടറുടെ പ്രഖ്യാപനത്തിന് 'മീറ്റർ വെക്കുമായിരിക്കും പ്രവർത്തിക്കുമോ ' എന്ന് തിരിച്ചു ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.

ഫസ്റ്റ് എയ്ഡ് ബോക്സ് പോലെ മീറ്റർ എല്ലാ ഓട്ടോകളിലുമുണ്ട്. യാത്രക്കാർ കയറുമ്പോൾ ഓണാക്കി ഇറങ്ങുമ്പോൾ മീറ്ററിൽ കാണുന്ന കാശുമാത്രം വാങ്ങുന്ന ഓട്ടോക്കാരില്ലെന്നു മാത്രം. അതുകൊണ്ടാണ് ഇത് എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്ന മട്ടിൽ നാട്ടുകാരുടെ ചുണ്ടിൽ പരിഹാസച്ചിരി വിരിയുന്നത്.

യൂണിയൻ ഭാരവാഹികൾ അടക്കം മൂന്നു തലത്തിൽ ചർച്ച നടത്തി എടുത്ത തീരുമാനമാണ് സെപ്തംബർ ഒന്നു മുതൽ ഉറപ്പായും നടപ്പാക്കുമെന്ന് കളക്ടർ ആണയിടുമ്പോൾ 'നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ'എന്ന ബൈബിൾവാക്യമാണ് നാട്ടുകാർ ഓർത്തു പോവുന്നത്. യൂണിയനുകളുമായി ആലോചിച്ച് നിരക്ക് ക്രിയാത്മകമായി വ‌ർദ്ധിപ്പിച്ച് തീരുമാനിച്ചാൽ മീറ്റർ വെക്കാൻ തയ്യാറെന്ന് ഓട്ടോ തൊഴിലാളികൾ പറയുമ്പോൾ പിന്നെ എന്തു പിണ്ണാക്കാണ് മൂന്നു തവണ ചർച്ച ചെയ്തതെന്ന് ചോദിക്കാൻ തോന്നുകയാണ്.

സർക്കാർ നിശ്ചയിച്ച മിനിമം ചാർജായ 25 രൂപ കോട്ടയത്ത് മാത്രം നഷ്ടമാണെന്നാണ് ഓട്ടോക്കാർ ഗവേഷണം നടത്തി കണ്ടു പിടിച്ചിട്ടുള്ളത്. ഒരു കിലോ മീറ്റർ ഓട്ടത്തിന് മൂന്നു രൂപയുടെ പെട്രോൾ ആകും.(ഒരു കിലോ മീറ്റർ ഓട്ടത്തിനും സർക്കാർ മിനിമം നിരക്ക് 25 രൂപ) യാത്രക്കാരുടെ എണ്ണം കൊച്ചിയിലും കോഴിക്കോട്ടുമുള്ളതുപോലെ കോട്ടയത്തില്ല . ഓട്ടോ സ്റ്റാൻഡ് കൂടുതലായതിനാൽ റിട്ടേണും കുറവാണ്.വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവരാണ് കൂടുതലും . പെർമിറ്റില്ലാത്ത ഓട്ടോകളും കൂടുതലായതിനാൽ മിനിമം 25 രൂപ ഒന്നുമാകില്ലെന്നാണ് അവർ കണക്കു നിരത്തി പറയുന്നത്.

സർക്കാർ മിനിമം നിരക്ക് പ്രഖ്യാപിച്ചതനുസരിച്ചാണ് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ടാക്സികാറുകളും കിലോമീറ്റർ നിരക്കാണ് ഈടാക്കുന്നത്. ഞങ്ങൾക്ക് മാത്രം അതൊന്നും ബാധകമല്ലെന്ന് ഓട്ടോക്കാർ മാത്രം ധാർഷ്ട്യത്തോടെ പറയുന്നതാണ് നാട്ടുകാർക്ക് മനസിലാകാത്തത്.

വായിൽ തോന്നുന്ന തുകവാങ്ങുകയും തങ്ങൾക്ക് തോന്നുന്നിടത്തേയ്ക്ക് മാത്രം ഓട്ടം പോകുമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്ന കോട്ടയത്തെ 'ഓട്ടോക്കാർക്ക് ആര് മണികെട്ടുമെന്ന് ' തിരുനക്കര ചുറ്റുവട്ടം കോളത്തിൽ പലതവണ ചോദിച്ചിരുന്നു. മീറ്റർ പ്രവർത്തിക്കാൻ നട്ടെല്ലില്ലാത്ത കളക്ടർമാരെ പരിഹസിച്ച് 'വരുമോരോ കളക്ടർ വന്നപോലെ പോകുമെന്നും 'വിമർശിച്ചിരുന്നു. പി.കെ.സുധീ‌ർബാബു പുതിയ കളക്ടർ ആയി ചുമതലയേറ്റപ്പോഴും ചുറ്റുവട്ടം ഈ ചോദ്യം ഉന്നയിച്ചിരുന്നു. ഓട്ടോക്കാർക്ക് മണിക്കെട്ടാൻ തന്നെ തീരുമാനിച്ചതായാണ് കളക്ടറുടെ ഇപ്പോഴത്തെ പ്രഖ്യാപനം തെളിയിക്കുന്നത്.

'ഓട്ടോകളിൽ മീറ്റർ പ്രവർത്തിക്കുക എന്നത് നിയമമാണ് . അതു നടപ്പാക്കും. മീറ്റർ ഇല്ലാത്തവർക്ക് അത് ഘടിപ്പിക്കാനും കേടുപാടുകൾ തീർക്കാനും സമയം നൽകി. സെപ്തംബർ ഒന്നിന് തീരുമാനം നടപ്പാക്കും.' കളക്ടറുടെ ഉറച്ച വാക്കുകൾക്ക് ചുറ്റുവട്ടവും പൂർണ പിന്തുണ നൽകുന്നു. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമെന്ന് ഒരു സിനിമയിൽ ശ്രീനിവാസൻ പറയുന്നതുപോലെ ആകാതിരിക്കട്ടെ...

സംഗതി നടന്നു കിട്ടാൻ കളക്ടർക്ക് ചുറ്റുവട്ടത്തിന്റെ വക ഒരു അഡ്വാൻസ് ബിഗ് സല്യൂട്ട് ഇരിക്കട്ടെ .....