കോട്ടയം: അദ്ധ്യാപകരെ ബഹുമാനിച്ച വിദ്യാർത്ഥികൾക്കും സ്കൂളിനുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇ‌ടതു പക്ഷ ട്രോളന്മാരുടെ പോർവിളി. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്കൂളിൽ വ്യാസപൗർണമിയോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയാണ് അറുപിന്തിരിപ്പനും ബാലാവകാശ ലംഘനവുമാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നിരിക്കുന്നത്.

കത്തിച്ചുവച്ച നിലവിളക്കിന് മുമ്പിൽ പീഠത്തിലിരിക്കുന്ന അദ്ധ്യാപകരുടെ പാദങ്ങളിൽ പൂക്കൾ അർപ്പിച്ച് തൊട്ടുവണങ്ങുന്ന വിദ്യാർത്ഥികളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് അപവാദങ്ങൾ തൊടുത്തുവിടുന്നത്. ഗുരുക്കന്മാരെയും മാതാപിതാക്കളെയും കാൽതൊട്ട് വന്ദിക്കുന്നത് വിദ്യാർത്ഥികളെ സംഘികളാക്കുമെന്നാണ് വിമർശകരുടെ വാദം. മൂന്നുപതിറ്റാണ്ടോളമായി ഭാരതീയ പാരമ്പര്യത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന വിദ്യാലയമെന്ന നിലയിൽ എല്ലാവർഷവും നടത്താറുള്ള ചടങ്ങ് എന്നതിനപ്പുറം ഗുരുവന്ദനത്തിന് മറ്റു ലക്ഷ്യങ്ങളില്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടും വിമർശകർ വിട്ടില്ല.

ആചാര്യന്മാർ, സന്യാസിമാർ, പിതൃതുല്യരായ മുതിർന്നവ്യക്തികൾ എന്നിവരുടെയൊക്കെ പാദം തൊട്ട് വന്ദിക്കുന്നത് പുതിയ കാര്യമല്ല. ഗുരുവന്ദനത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ അരവിന്ദ വിദ്യാമന്ദിരത്തിലും ഇതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നാണ് സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. വ്യാസപൗർണമിയോടനുബന്ധിച്ച് നടത്തിയ പവിത്രമായ ചടങ്ങ് എന്തോ മഹാപാതകമായെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് രക്ഷിതാക്കളും പറയുന്നു.

സ്കൂൾ തുടങ്ങിയ കാലമുതൽ വ്യാസപൗർണമിയോടനുബന്ധിച്ച് നടത്തിവരുന്ന ചടങ്ങാണ് ഗുരുവന്ദനം. മുമ്പ് പി.ടി.എ യും മാതൃവേദിയുമൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇവിടെ മാത്രമല്ല, ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന 447 സ്കൂളുകളിലും എല്ലാവർഷവും ഗുരുവന്ദനം നടത്താറുണ്ട്.

മനോജ്, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം.

ഗുരുവിന്റെ പാദ ശുശ്രൂഷചെയ്ത് വിദ്യ അഭ്യസിച്ചിരുന്ന പാരമ്പര്യമാണ് ഭാരതത്തിലുള്ളത്. വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം ഗുരുവിന്റെ പാദം തൊട്ടുവന്ദിക്കുന്നതിൽ തെറ്റില്ല. അദ്ധ്യാപകരുടെ തൃപ്തിക്കുവേണ്ടി ആരെങ്കിലും നിർബന്ധിച്ച് ചെയ്യിക്കരുത്, വിദ്യാർത്ഥിയുടെ മനസുകൊണ്ടുള്ള സമർപ്പണമാവണം ഗുരുപൂജ'.

സ്വാമി ധർമ്മചൈതന്യ, സെക്രട്ടറി, കുറിച്ചി അദ്വൈതവിദ്യാശ്രമം.

കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കുകയെന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. അരവിന്ദ വിദ്യാമന്ദിരത്തിലെ ഗുരുവന്ദനവുമായി ബന്ധപ്പെട്ട് അവിടുത്തെ ഏതെങ്കിലുമൊരു വിദ്യാർത്ഥിയൊ രക്ഷിതാവൊ പരാതിപ്പെട്ടിട്ടില്ല. എന്നുമാത്രവുമല്ല, തന്റെകുട്ടി നല്ല സംസ്കാരം പഠിക്കുന്നതിലുള്ള സന്തോഷത്തിലുമാണവർ.

ഡോ. ജെ. പ്രമീളാദേവി (മുൻ വനിത കമ്മീഷൻ അംഗം)