പാലാ : ഈ കെ.എസ്. ടി.പി. ക്കാർക്കും, പി.ഡബ്ല്യു.ഡി.ക്കാർക്കും ഇതെന്താ പറ്റിയേ. പാലായിൽ ആദ്യം റോഡിൽ മുഴ. ഇത് ഒട്ടേറെ അപകടങ്ങൾക്ക് ഇടയാക്കിയപ്പോൾ അധികാരികളെത്തി മുഴ നീക്കി. മുഴ മാറിയപ്പോൾ ഇപ്പോഴിതാ കുഴി ! ഇനി എത്ര അപകടം കഴിഞ്ഞാലാണാവോ ഈ കുഴിയൊന്നു നികത്തുക? പാലായിലെത്തുന്ന ഭൂരിഭാഗം യാത്രക്കാരുടെയും വ്യാപാരികളുടേയും ചോദ്യമിതാണ്.
നഗരഹൃദയത്തിലും സമീപത്തുമായി ടാറിംഗ് പൊന്തി ഉണ്ടായ ചെറിയ കൂനകളായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും, സംഭവം തുടരെ വാർത്തകളിൽ നിറയുകയും ഓട്ടോറിക്ഷ,ടാക്‌സി തൊഴിലാളികൾ ഉൾപ്പടെ പ്രതിഷേധിക്കുകയും ചെയ്തതോടെ അധികൃതർ ഉണർന്നു. മുഴകൾ നീക്കം ചെയ്തു. തൊട്ടു പിന്നാലെ ഇതാ ടാറിംഗ് പൊളിഞ്ഞ് റോഡുകളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തവണയും കൂടുതൽ ഭീഷണിയാകുന്നത് ഇരുചക്രവാഹന യാത്രികർക്കും, ഓട്ടോറിക്ഷകൾക്കും തന്നെ. ടൗണിലെ സ്വകാര്യ ബസ് സ്റ്റേഷന് സമീപം രൂപപ്പെട്ട കുഴിയാണ് കൂടുതൽ ഭീഷണി. പാലാ മെയിൻ റോഡിനേയും റിവർവ്യൂ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡിന്റെ കവാടത്തിൽ മെയിൻ റോഡിനോടു ചേർന്നുള്ള ഈ കുഴി , സൂക്ഷിച്ചില്ലെങ്കിൽ പണി തരുമെന്ന് ഉറപ്പ്.
മെയിൻ റോഡിന്റെ വശങ്ങളിലുള്ള ഓടകൾ മൂടി ഇട റോഡിലേക്ക് കയറുന്ന ഭാഗം ടാറിംഗ് നടത്തിയതും ഈ വഴി ഭാരവണ്ടികളുടെ സഞ്ചാരം കൂടിയതുമാണ് ഇവിടെ സ്ലാബ് പൊളിഞ്ഞ് വലിയ കുഴിയുണ്ടാകാൻ കാരണം. ഇവിടെ ടാറിംഗ് പൊളിഞ്ഞ് ഓടയിലേക്ക് ഒരു ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ടൗൺ ബസ് സ്റ്റാൻഡിലേക്കെത്തുന്ന വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും നഗരം ചുറ്റാതെ റിവർവ്യൂറോഡിലേക്കെത്തുന്ന ഇരുചക്രവാഹന ങ്ങളും ഓട്ടോറിക്ഷകളും, മറ്റു ചെറുവണ്ടികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
രക്ഷപ്പെട്ടത് ഭാഗ്യത്തിന്
കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കുയാത്രക്കാരായ രണ്ട് ചെറുപ്പക്കാർ ഈ കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കാൽനടയാത്രക്കാർക്കും ഈ വഴി യാത്ര അപകടകരമാണ്. കുഴിയിൽ ചാടിയാൽ കാലൊടിഞ്ഞതു തന്നെ. കുഴി പ്രത്യക്ഷപ്പെട്ടിടത്ത് ആരോ ഒരു കമ്പിൽ സ്ഥാപിച്ച തുണി കഷ്ണം മാത്രമാണിപ്പോൾ അപകട സൂചനയായിട്ടുള്ളത്.
സ്റ്റേഡിയം ജംഗ്ഷനിലുമുണ്ട്
രാമപുരം റോഡിൽ പലയിടങ്ങളിലും സിവിൽ സ്റ്റേഷനു മുൻപിലും ഇത്തരത്തിൽ ടാറിംഗ് പൊളിഞ്ഞ് ചെറിയ കുഴികൾ ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാർ ഏറെ സൂക്ഷിക്കണം. മഴ കനത്താൽ ഈ കുഴികളുടെ ആഴവും വീതിയും കൂടിയേക്കാം. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം.
സമരപരിപാടികൾക്ക് ആലോചന
പാലായിലെ റോഡുകണ്ടാൽ പി.ഡബ്ല്യു.ഡി, കെ.എസ്.ടി.പി അധികാരികളുടെ അനാസ്ഥയുടെ തെളിച്ചം കിട്ടും. അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് വ്യാപാരികളുടേയും ടാക്‌സി തൊഴിലാളികളുടേയും തീരുമാനം.
ടൗൺ റോഡിലെ കുഴികൾ ഉടൻ അടയ്ക്കാൻ അധികാരികൾ തയ്യാറാകണം. പി.ഡബ്ല്യു.ഡി, കെ.എസ്.ടി.പി. അധികാരികൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഉടൻ പരിഹാരം കാണണം
എ.കെ. ചന്ദ്രമോഹനൻ
ഡി.സി.സി വൈസ് പ്രസിഡന്റ്