കൊഴുവനാൽ : ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസം ആഗോളവ്യാപകമായി പഠനാന്തരീക്ഷം തുറക്കപ്പെട്ടിരിക്കുന്നതായും ഗവേഷണ, പരിശീലന സൗകര്യങ്ങളോട് കൂടിയ ഉപരിപഠനസാദ്ധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും ജോസ് കെ. മാണി എം.പി അഭിപ്രായപ്പെട്ടു. കൊഴുവനാൽ പഞ്ചായത്ത് വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ പുതിയ ആശയങ്ങൾ നവനവങ്ങളായ കണ്ടുപിടുത്തങ്ങൾക്ക് വഴിതുറക്കുന്നു. ട്രിപ്പിൾ ഐ.ടി.യും സയൻസ് സിറ്റിയും മാസ് കമ്മ്യൂണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഏകലവ്യ അടക്കമുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നമ്മുടെ നാടിനെ വിദ്യാഭ്യാസ ഹബായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, നൂറുമേനി വിജയം നേടിയ സ്‌കൂളുകളെയും അദ്ദേഹം ആദരിച്ചു. ജലനിധി പദ്ധതിയുടെ പഞ്ചായത്തുതല സമർപ്പണവും നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ 150 തൊഴിൽ ദിനങ്ങളിലൂടെ സമ്മാനിതരായവരെ നെയ്‌വേലി ലീഗ് നെറ്റ് കോർപ്പറേഷൻ ഡയറക്ടർ അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി ഉപഹാരം നൽകി ആദരിച്ചു. മാതൃകാ രക്തദാതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡിനർഹനായ ഷിബു തെക്കേമറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടയ്ക്കൽ ആദരിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനനിർമ്മാണം പൂർത്തിയാക്കിയവർക്കുള്ള താക്കോൽദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി നിർവഹിച്ചു.ബിനിമോൾ ചാക്കോ, ബാബു എറയണ്ണൂർ, ഷാർലറ്റ് ജോസഫ്, ഡാന്റീസ് കൂനാനിക്കൽ, ജോ പോൾ ജോസഫ്, ഷാജി കരുണാകരൻ നായർ, ജിനു ബി നായർ, സ്മിത വിനോദ്, മിനി ബാബു, ഗീത രവി, മഞ്ജു ദിലീപ്, വി.ആർ ലാലു, ലില്ലി ജോസഫ്, ജെസ്സി ജോർജ്, സജീവ് ഗോവിന്ദരാജൻ, സജി തോമസ്, സോമൻ നായർ, ലിജോ ജോബ് എന്നിവർ പ്രസംഗിച്ചു.