കോട്ടയം: ഇതോടെ എല്ലാം ശരിയാകുമെന്ന് കോർപ്പറേഷൻ, ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ജീവനക്കാർ. കാത്തിരുന്ന് കാണാമെന്ന് യാത്രക്കാർ.
എം.സി റോഡിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ അവസാനിപ്പിച്ച് ഹ്രസ്വദൂര ചെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെച്ചൊല്ലി ആനവണ്ടിക്കകത്തും പുറത്തും ചൂടേറിയ ചർച്ചകളാണ്. ഫാസ്റ്റ് പാസഞ്ചർ ബസുകൾ രണ്ടുജില്ലകൾക്കിടയിൽ മാത്രം ചെയിൻ സർവീസ് ആയി ഓടും. ദീർഘദൂര സർവീസുകൾ മുഴുവൻ സൂപ്പർ ഫാസ്റ്റുകളാകുമെന്നതാണ് പുതിയ പരിഷ്കാരം.
യാത്രക്കാർക്ക് ഏറെ സഹായകരവും കോർപ്പറേഷന് സാമ്പത്തിക നേട്ടവുമാകുമെന്ന കണക്കുകൂട്ടലിലാണ് ഇത് നടപ്പിലാക്കുന്നത്. എന്നാൽ തുടങ്ങിയതെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സിയിൽനിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് യാത്രക്കാരുടെ ആത്മഗതം.
കോർപ്പറേഷൻ സ്വകാര്യവത്കരണത്തിലേക്കുള്ള ആദ്യചുവടുവയ്പ്പായി ഇതിനെക്കണ്ടാൽ മതിയെന്നാണ് ജീവനക്കാർ സംശയിക്കുന്നത്. ഇപ്പോൾ തന്നെ ആവശ്യത്തിന് ബസുകൾ ഇല്ല. പുതിയ ബസുകൾ വാങ്ങുന്നുമില്ല. അതിന്റെ കൂടെ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ആരംഭിച്ചാൽ ഉള്ളതുംകൂടി ഇല്ലാതാകും. അത്തരമൊരു പ്രതിസന്ധിയിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കോർപ്പറേഷൻ നിർബന്ധിതരാകും. അതോടെ ചിലരുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്നാണ് ജീവനക്കാർ പറയുന്നത്.
യാത്രക്കാരുടെ ഗതികേട്
ഏത് സമയത്തും കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകാമെന്ന വ്യാമോഹം ഇനി വേണ്ട. ഒന്നുകിൽ സൂപ്പർ ഫാസ്റ്റുകളിൽ അമിതചാർജ് നൽകി യാത്രചെയ്യാൻ തയ്യാറാകണം. അതല്ലെങ്കിൽ ആദ്യം കോട്ടയത്തുനിന്ന് കൊട്ടാരക്കര വരെയുള്ള ചെയിൻ സർവീസിൽ കയറണം. അവിടെ നിന്ന് തിരുവനന്തപുരം ചെയിൻ സർവീസ് ഉണ്ടാകും അതിൽ യാത്ര തുടരാം. സമയനഷ്ടം, പണനഷ്ടം, ശാരീരിക ബുദ്ധിമുട്ട് ഇത്യാതി കാര്യങ്ങൾ കോർപ്പറേഷനെ ഓർത്ത് ക്ഷമിക്കുക. കോട്ടയത്തുനിന്ന് ഫാസ്റ്റ് പാസഞ്ചറിൽ നല്ലൊരു സീറ്റ് പിടിച്ച് സുഖമായിരുന്നുറങ്ങി 4 മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് എത്തിയിരുന്ന കാലം ഇനി ഓർമ്മമാത്രം.
ഒരു പ്രശ്നവുമില്ല, എല്ലാം ശരിയാകും
ഓരോ 10 മിനിട്ടിലും കൊട്ടാരക്കരയ്ക്ക് ചെയിൻ സർവീസ്, 15 മിനിട്ട് ഇടവിട്ട് സൂപ്പർ ഫാസ്റ്റ്, അരമണിക്കൂർ ഇടവിട്ട് മറ്റ് ഡിപ്പോകളിൽ നിന്ന് വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റുകൾ തിരുവനന്തപുരത്തിന് ഉണ്ടാകും. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല
-ജില്ല ട്രാൻസ്പോർട്ട് ഓഫീസർ, കോട്ടയം
4500 വണ്ടികൾ
6000 സർവീസ്
ബസിന്റെ ജീവിതചക്രം
2 വർഷം സൂപ്പർ ഫാസ്റ്റ്
അടുത്ത 5 വർഷം ഫാസ്റ്റ്
8 വർഷം ഓർഡിനറി
15 കഴിഞ്ഞാൽ ആക്രി