കോട്ടയം : കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഒഫ് മലയാളം ആർട്ടിസ്റ്റ് (നന്മ) ജില്ലാ സമ്മേളനം എട്ടിന് രാവിലെ 9 ന് പബ്ലിക്ക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പഴയിടം മുരളി അദ്ധ്യക്ഷത വഹിക്കും. നന്മ പ്രസിഡന്റും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാനുമായ സേവ്യർ പുൽപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം കൃഷ്‌ണപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സർഗവനിതാ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയും സിനിമാ സീരിയൽ താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാമും, പഴമ്പാട്ടുകൾ സംഗീത പരിപാടിയും അരങ്ങേറും.