കോട്ടയം : എസ്.എൻ.ഡി.പി യോഗം കുറിച്ചി ശാഖയിലെ ശങ്കരപുരം ശ്രീമഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 11 വരെ നടക്കും. ഇന്ന് വൈകിട്ട് 7 ന് നടക്കുന്ന യജ്ഞസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ ഭദ്രദീപപ്രകാശനവും, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണവും നടത്തും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ്, വാർഡ് മെമ്പർ പ്രീതകുമാരി എന്നിവർ പ്രസംഗിക്കും. യജ്ഞാചാര്യൻ തൃക്കൊടിത്താനം വിശ്വനാഥൻ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ബിനു പനക്കളം സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.കെ.സന്തോഷ് നന്ദിയും പറയും. നാളെ മുതൽ 11 വരെ എല്ലാദിവസവും രാവിലെ മുതൽ ഹരിനാമകീർത്തനം, ഗണപതിഹോമം, ലളിതാസഹസ്രനാമം, ഉച്ചയ്ക്ക് 12 മുതൽ ഭാഗവത പ്രഭാഷണം 1നും രാത്രി 8.30നും പ്രസാദമൂട്ട്, വൈകിട്ട് 6ന് വിഷ്ണുസഹസ്രനാമം, 6.30ന് ദീപാരാധന, 7ന് പ്രഭാഷണം എന്നിവയുണ്ടാകും. നാലാം ദിവസം വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, അഞ്ചാംദിവസം വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, ആറാം ദിവസം നവഗ്രഹപൂജ തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ നടക്കും.